നേമത്ത് കണക്കുകള്‍ തുണയ്ക്കുന്നില്ല; ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കാന്‍ ബിജെപി

എ എം ഷമീര്‍ അഹ്മദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന നേമത്ത് കാര്യങ്ങള്‍ അവര്‍ക്ക് ഇത്തവണയും അത്ര എളുപ്പായിരിക്കില്ലെന്നു വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുവര്‍ധനവു ചൂണ്ടിക്കാട്ടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍, അവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ള നേമത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേടിയ മേധാവിത്വം തദ്ദേശതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടെന്നു മാത്രമല്ല, സിപിഎമ്മിനു പിന്നിലായിപ്പോവുകയും ചെയ്തു. ഹിന്ദുവോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ട് തദ്ദേശതിരഞ്ഞെടുപ്പില്‍ നടത്തിയ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മറ്റ് മണ്ഡലങ്ങളില്‍ വിജയം കണ്ടപ്പോള്‍ നേമത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിലെ മേധാവിത്വം നിലനിര്‍ത്താന്‍ കഴിയാത്തത് ബിജെപി കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നു.
നേമം നിയോജകമണ്ഡലത്തില്‍നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ 18,046 വോട്ടുകളുടെ വന്‍ ഭൂരിപക്ഷം നേടിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ 32,639 വോട്ടുകളും സിപിഐയുടെ ബെനറ്റ് എബ്രഹാം 31,643 വോട്ടുകളും നേടിയപ്പോള്‍ രാജഗോപാലിന് 50,685 വോട്ടുകള്‍ ലഭിച്ചു. സംസ്ഥാനത്തുതന്നെ ബിജെപി അരലക്ഷത്തിലധികം വോട്ട് നേടിയ ഏക മണ്ഡലവും നേമമായിരുന്നു. എന്നാല്‍, തദ്ദേശതിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ നേരെതിരിഞ്ഞു. സീറ്റുകള്‍ കൂടുതല്‍ നേടിയെങ്കിലും ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ ലോക്‌സഭയിലുണ്ടായിരുന്ന ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമായെന്നുമാത്രമല്ല, 2351 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ പിന്നിലായി. 44,475 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. ബിജെപിക്ക് 42,124 വോട്ടുകളേ ലഭിച്ചുള്ളൂ. യുഡിഎഫിന് 26,035 വോട്ടുകളും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഏറെക്കുറെ സമാനമായ വോട്ട് ഷെയറായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.
സാമുദായികതാല്‍പര്യങ്ങളും അടിയൊഴുക്കുകളും നിര്‍ണായകമായ നേമം മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. മണ്ഡലത്തില്‍ 22 ശതമാനംവരുന്ന നായര്‍ സമുദായമാണ് മുന്നിലെങ്കിലും 20 ശതമാനം വരുന്ന ന്യൂനപക്ഷവോട്ടുകളാവും ആരു ജയിക്കണമെന്നു തീരുമാനിക്കുക. മുസ്‌ലിം വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗവും നിഷ്പക്ഷ വോട്ടര്‍മാരാണെന്നതാണു ശ്രദ്ധേയം. എസ്ഡിപിഐക്ക് കാര്യമായ സ്വാധീനം ചില മേഖലകളിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പിച്ച മട്ടിലായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍. എന്നാല്‍, ഏറ്റവുമൊടുവില്‍ ന്യൂനപക്ഷ വോട്ടര്‍മാരുള്ള പോക്കറ്റുകളിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സിപിഎമ്മിന് അനുകൂലമായി മുസ്‌ലിം വോട്ടുകള്‍ ഏകീകരിച്ചതോടെ രാജഗോപാല്‍ പരാജയപ്പെട്ടു. ഇത്തവണയും ന്യൂനപക്ഷ- മതേതര വോട്ടുകളില്‍ ഏകീകരണമുണ്ടായാല്‍ ജയിച്ചുകയറുക ബിജെപിക്കു ശ്രമകരമായിരിക്കും.
ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ബിജെപിക്ക് പ്രതീക്ഷയ്ക്കു വകയുള്ളൂവെന്ന് സംഘപരിവാര കേന്ദ്രങ്ങള്‍ക്കു ബോധ്യമുണ്ട്. അതിനാല്‍, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരെ ഇറക്കി ശക്തമായ കാംപയ്‌നാണ് ന്യൂനപക്ഷ മേഖലകളില്‍ ബിജെപി നടത്തിവരുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ശക്തനായതിനാല്‍ മുസ്‌ലിം വോട്ടുകള്‍ രണ്ടു മുന്നണികള്‍ക്കുമായി ഭിന്നിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ചിലരെ കൂട്ടുപിടിച്ച് അതിനായുള്ള ശ്രമങ്ങളും പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.
18 ശതമാനം വരുന്ന ഈഴവരും 10 ശതമാനം പട്ടികജാതിക്കാരും മണ്ഡലത്തിലുണ്ട്. ബിഡിജെഎസിന് എത്രകണ്ട് ഈഴവ വോട്ടുകളെ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംഘപരിവാരത്തിനു സംശയമുണ്ട്. ഈഴവരിലും പട്ടിക വിഭാഗങ്ങളിലും നല്ലൊരു ശതമാനം ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്. മാത്രവുമല്ല, കഴിഞ്ഞതവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലനാണെന്ന് ആരോപണമുണ്ടായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ സ്ഥാനാര്‍ഥിയായിരുന്ന ചാരുപാറ രവിക്കു ലഭിച്ചില്ല. അവ ബിജെപിയുടെ പെട്ടിയിലാണു വീണത്. എന്നാല്‍, ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മുന്‍മന്ത്രി സുരേന്ദ്രന്‍പിള്ളയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് മികച്ച പിന്തുണയാണു ലഭിക്കുന്നത്. അതിനാല്‍, യുഡിഎഫ് വോട്ടുകള്‍ കഴിഞ്ഞ തവണ സംഭവിച്ചതുപോലെ ബിജെപിക്കു ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും എല്‍ഡിഎഫ്- യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ ബിജെപിക്ക് ഇക്കുറിയും നേമത്ത് ജയിച്ചുകയറാനാവില്ലെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it