thiruvananthapuram local

നേമം ബ്ലോക്ക് പ്രസിഡന്റ്, വൈസ്.പ്രസിഡന്റിനെതിരായ അവിശ്വാസം പാസ്സായി ; എല്‍ഡിഎഫിന്റെ അവിശ്വാസം ബിജെപി പിന്തുണച്ചു



ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ പ്രതിപക്ഷമായ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസ്സായി. ഇന്നലെരാവിലെ 10നും ഉച്ചയ്ക്ക് 2.30നും നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് അവിശ്വാസ പ്രമേയ ചര്‍ച്ചയിലാണ് ബിജെപി പിന്തുണയോടെ പാസ്സായത്. പ്രസിഡന്റ് അനിതക്കെതിരെ സുരേഷ്‌കുമാര്‍ കൊണ്ടുവന്ന അവിശ്വാസം രാവിലെ 11ന് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ബിജെപി പിന്തുണച്ചു. ഉച്ചയ്ക്ക് 2.30ന് നടന്ന വൈസ് പ്രസിഡന്റ് വീരേന്ദ്രകുമാറിനെതിരെ സിപിഐയിലെ രാധാകൃഷ്ണന്‍ നായര്‍ കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസ്സാക്കി. 16 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഏഴ്, യുഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്. ഭരണസ്തംഭനം, അഴിമതി, പദ്ധതിനിര്‍വഹണത്തിലെ സുതാര്യക്കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം രംഗത്തിറങ്ങിയത്. യുഡിഎഫിലെ ഏഴ് പേര്‍ അനിത, വീരേന്ദ്രകുമാര്‍, സിന്ധുകുമാരി, മായാരാജേന്ദ്രന്‍, പ്രിയദര്‍ശിനി, ജോര്‍ജ്കുട്ടി, ഐസ എന്നിവര്‍ വിട്ട് നിന്നു. എല്‍ഡിഎഫിലെ ജയചന്ദ്രന്‍, അഡ്വ.ഡി സുരേഷ്‌കുമാര്‍, രമ, ഗിരിജ, ശകുന്തളകുമാരി, ബിജുദാസ്, രാധാകൃഷ്ണന്‍ നായര്‍, എന്നിവരും ബിജെപിയിലെ സതീശന്‍, വിനുകുമാര്‍, എന്നിവരും ചേര്‍ന്നാണ് അവിശ്വാസത്തില്‍ ഒപ്പുവച്ച് പാസ്സാക്കിയത്. അവിശ്വസാത്തില്‍ എല്‍ഡിഎഫിനെ അനുകൂലിച്ച ബിജെപി അംഗങ്ങള്‍ ആരെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയില്ല. എല്‍ഡിഎഫിനെ പിന്തുണക്കാതെ ബിജെപി വിട്ടുനിന്നാല്‍ വീണ്ടും നറുക്കെടുപ്പിലേക്ക് പോവും. ജില്ലാപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയചര്‍ച്ചനടത്തിയത്. പതിനഞ്ച് ദിവസത്തിനകം  പുതിയ ഭരണസമിതി നിലനില്‍വരും.
Next Story

RELATED STORIES

Share it