നേപ്പാളില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

കാഠ്മണ്ഡു: നേപ്പാളില്‍ ആദ്യത്തെ വനിതാ പ്രസിഡന്റായി ബിദ്യ ദേവി ഭണ്ഡാരിയെ തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ ഒന്‍സാരി ഗാര്‍തിയാണ് 214നെതിരേ 327 വോട്ടുകള്‍ നേടി നേപ്പാള്‍ യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി വൈസ് പ്രസിഡന്റായ ബിദ്യ വിജയിച്ചതായി പ്രഖ്യാപിച്ചത്.
നൂറ്റാണ്ടുകള്‍ നീണ്ട രാജവാഴ്ച അവസാനിപ്പിച്ച് 2008ല്‍ നേപ്പാള്‍ റിപബ്ലിക്കായതിനു ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ് ബിദ്യ. നിലവിലെ പ്രസിഡന്റായ രാം ഭരന്‍ യാദവാണ് ആദ്യത്തെ നേപ്പാള്‍ പ്രസിഡന്റ്. 54കാരിയായ ബിദ്യയുടെ എതിര്‍സ്ഥാനാര്‍ഥി നേപ്പാളി കോണ്‍ഗ്രസ്സിന്റെ കുല്‍ ബഹാദുര്‍ ഗുരുങായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ബിദ്യ മുന്‍ പ്രതിരോധമന്ത്രിയും അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് മദന്‍ ഭണ്ഡാരിയുടെ ഭാര്യയുമാണ്.
നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍ വന്നതിനു പിന്നാലെയാണ് ആദ്യത്തെ വനിതാ പ്രസിഡന്റും തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ ഭരണഘടന തന്റെ ഭരണകാലത്ത് നേപ്പാളിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പ്രസ്താവനയില്‍ ബിദ്യ പറഞ്ഞു. സപ്തംബര്‍ 20നു പുതിയ ഭരണഘടന നിലവില്‍ വന്നതിനു ശേഷം ഈ മാസമാദ്യമാണ് ഖഡ്ഗ പ്രസാദ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ബിദ്യ കാന്‍സറിനെ അതിജീവിച്ച വനിത കൂടിയാണ്.
Next Story

RELATED STORIES

Share it