നേതൃത്വവിവാദം; എല്‍ഡിഎഫിലും യുഡിഎഫിലും ഭിന്നത തുടരുന്നു

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളെ ആരു നയിക്കുമെന്നതില്‍ എല്‍ഡിഎഫിലും യുഡിഎഫിലും ഉടലെടുത്ത അഭിപ്രായപ്രകടനങ്ങളില്‍ ഭിന്നത തുടരുന്നു. എല്‍ഡിഎഫിനെ വി എസ് അച്യുതാനന്ദനും കോണ്‍ഗ്രസ്സിനെ ഉമ്മന്‍ചാണ്ടിയും നയിക്കുമെന്ന നേതാക്കളുടെ പ്രസ്താവനകളാണ് നേതൃത്വവിവാദത്തിന് തിരികൊളുത്തിയത്.
സിപിഐ നേതാവ് സി ദിവാകരന്റെ അഭിപ്രായത്തെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് കെ മുരളീധരന്‍ എംഎല്‍എയും രംഗത്തുവന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയിക്കുമെന്നായിരുന്നു സുധീരന്റെ പരാമര്‍ശം. ഇടതുപക്ഷത്തിന്റെ മുഖ്യപ്രചാരകന്‍ വി എസ് തന്നെയാണെന്ന് സി ദിവാകരനും പറഞ്ഞിരുന്നു.
എന്നാല്‍, ദിവാകരന്റെ നിലപാടിനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഈ വിഷയത്തിലുള്ള ചര്‍ച്ച അനവസരത്തിലാണെന്നു വ്യക്തമാക്കിയ കോടിയേരി, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വീഴാന്‍ താനില്ലെന്നും ചൂണ്ടിക്കാട്ടി. നിയമസഭയില്‍ കോണ്‍ഗ്രസ്സിനെ ആരു നയിക്കുമെന്ന ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നായിരുന്നു കെ മുരളീധരന്‍ എംഎല്‍എയുടെ പ്രതികരണം.
കേരളത്തില്‍ ഇതുവരെ തുടര്‍ന്നിരുന്ന നടപടിക്രമം നിയമസഭാ തിരഞ്ഞെടുപ്പിലും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമുണ്ടാവും. കോണ്‍ഗ്രസ്സിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന സുധീരന്റെ അഭിപ്രായത്തില്‍ പരസ്യപ്രതികരണത്തിനു പോവേണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരുന്നു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനു കാരണമാവുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
Next Story

RELATED STORIES

Share it