Editorial

നേതാജി രേഖകളുടെ ചരിത്രപ്രാധാന്യം

ന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ രേഖകള്‍ 'ടുവാര്‍ഡ്‌സ് ഫ്രീഡം' എന്ന പേരില്‍ ഒരു പരമ്പരയായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ് (ഐസിഎച്ച്ആര്‍) പുറത്തുകൊണ്ടുവരുകയുണ്ടായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഈ പരമ്പരയിലെ ചില വാള്യങ്ങള്‍ പുറത്തുവരുന്നത് തടയുന്നതിനുള്ള ആസൂത്രിത നീക്കങ്ങളും നടക്കുകയുണ്ടായി. മുപ്പതുകളുടെ അവസാനവും നാല്‍പതുകളിലും വലതുപക്ഷ വര്‍ഗീയശക്തികള്‍ ബ്രിട്ടിഷ് ഭരണകൂടവുമായി ചില ഒത്തുതീര്‍പ്പുകളില്‍ എത്തിയതു സംബന്ധിച്ച രേഖകള്‍ രണ്ടു വാള്യങ്ങളിലും ഉണ്ടായിരുന്നു എന്നതാണ് അന്ന് അതിനെതിരേ നിലപാടെടുക്കാന്‍ സംഘപരിവാര പ്രവര്‍ത്തകരായ ചില ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. പക്ഷേ, സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായകമായ പല ഏടുകളും ഈ വാള്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായില്ല. ഇന്ത്യന്‍ ദേശീയ ജീവിതത്തിലെ ഏറ്റവും വലിയ വിവാദപുരുഷനായ നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട നൂറുകണക്കിനു രേഖകള്‍ അന്നും രഹസ്യമായി വയ്ക്കപ്പെടുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടുകളാണ് പുറത്തു പറയാത്ത ചില കാരണങ്ങളുടെ പേരില്‍ കഴിഞ്ഞ 70 വര്‍ഷമായി ഭരണാധികാരികള്‍ അമര്‍ത്തിവച്ചത്.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ എല്ലാവരും ഈ ചരിത്രഗോപനത്തിന് പിന്തുണ നല്‍കുകയുണ്ടായി. എന്താണ് നേതാജിയുടെ ജീവിതത്തെ സംബന്ധിച്ചു സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ ഇത്രയും കാലം സ്വകാര്യമാക്കി വയ്ക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്ന കാര്യം ഇന്നും ഒരു പ്രഹേളികയായി നിലനില്‍ക്കുകയാണ്. അടുത്ത ജനുവരി 23നു നേതാജിയുടെ ജന്മദിനത്തിന്‍ നാളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സുപ്രധാന രേഖകള്‍ പുറത്തുവിടുന്നതോടെ ഈ ചോദ്യങ്ങളില്‍ ചിലതിന് വസ്തുനിഷ്ഠമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കകത്തുള്ള മുഴുവന്‍ രേഖകളും പുറത്തുവിടാമെന്നും റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ കൈവശമുള്ള രേഖകള്‍ വെളിപ്പെടുത്താനായി അവയോട് അഭ്യര്‍ഥിക്കാമെന്നും നേതാജികുടുംബത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കിയിരിക്കുകയാണ്. വളരെ സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണിത്.

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കഴിഞ്ഞ 70 വര്‍ഷമായി വലിയ വിവാദ വിഷയമായി നിലനില്‍ക്കുന്നത്. 1945 ആഗസ്തില്‍ അദ്ദേഹം ഫോര്‍മോസയില്‍ വിമാനം തകര്‍ന്നു മരിച്ചു എന്ന വാദം സ്വീകരിക്കാന്‍ പലരും വിസമ്മതിക്കുന്നുണ്ട്. പക്ഷേ, അതേപോലെ പ്രധാനമാണ് രണ്ടാം ലോകയുദ്ധം തുടങ്ങിയ വേളയില്‍ കോണ്‍ഗ്രസ്സിലെ മുഖ്യധാരാ നേതൃത്വവുമായി പിണങ്ങി സ്വന്തമായി ഒരു വിമോചനപ്രസ്ഥാനം ആരംഭിക്കാന്‍ നേതാജി തീരുമാനിച്ച കാലം മുതലുള്ള വിവരങ്ങളും. ഇത്രയും നാള്‍ ഈ വിഷയങ്ങള്‍ അപൂര്‍ണമായി മാത്രമാണ് രാജ്യം ചര്‍ച്ച ചെയ്തത്. ഒരുപക്ഷേ, കൂടുതല്‍ വസ്തുനിഷ്ഠമായി ഈ കാലത്തെക്കുറിച്ചു പഠിക്കാന്‍ പുതിയ രേഖകള്‍ സഹായകമായേക്കും.
Next Story

RELATED STORIES

Share it