നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ നാഷനല്‍ ആര്‍ക്കൈവ്‌സിന് കൈമാറി

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പട്ട രഹസ്യ ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ ആര്‍ക്കൈവ്‌സിന് കൈമാറിത്തുടങ്ങി. ഇതുവരെയായി പൊതുജനങ്ങള്‍ക്ക് ലഭിക്കാതിരുന്ന രേഖകളുടെ ആദ്യസമാഹാരം പ്രധാനമന്ത്രിയുടെ പ്രിന്‍സപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് കൈമാറി. നാഷനല്‍ ആര്‍ക്കൈവ്‌സ് ഈ രേഖകള്‍ അടുത്ത മാസം 23ാം തിയ്യതി മുതല്‍ പുറത്തുവിടുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നേരത്തേ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നേതാജിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനകാല ജീവിതവുമായി ബന്ധപ്പെട്ട ഇതുവരെ പുറത്തറിയാത്ത ചില വസ്തുതകള്‍ ആ രേഖകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നരേന്ദ്രമോദി നേതാജിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സമാനമായ നടപടിയുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രേഖകള്‍ കൈമാറിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കൈവശമുള്ള 58 രേഖകളാണ് ഇപ്പോള്‍ പുറത്തുവിടാന്‍ തയ്യാറെടുക്കുന്നത്. ഇതില്‍ 33 രേഖകളാണ് ഡിജിറ്റലൈസേഷനടക്കമുള്ള നടപടികള്‍ക്കായി കഴിഞ്ഞ ദിവസം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. സമാനമായി ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും നേതാജിയുമായി ബന്ധപ്പെട്ട തങ്ങളുടെ കൈവശമുളള രേഖകള്‍ പുറത്തുവിടാന്‍ നടപടികളാരംഭിച്ചെന്നും സര്‍ക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it