Flash News

നേതാക്കള്‍ അഴിമതിയില്‍; സംഘപരിവാരം തകര്‍ച്ചയില്‍- ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ബംഗളൂരു: അഴിമതിയുടെയും മക്കള്‍രാഷ്ട്രീയത്തിന്റെയും കൂത്തരങ്ങായി ആര്‍എസ്എസ് മാറിക്കൊണ്ടിരിക്കുകയാണെന്ന് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍. കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അടക്കമുള്ള പ്രമുഖ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനെതിരേയാണ് എന്‍ ഹനുമെ ഗൗഡയെന്ന സജീവ സംഘപ്രവര്‍ത്തകന്റെ ആരോപണം. രാഷ്ട്രീയലാഭത്തിനു വേണ്ടി സംഘപരിവാര ആശയങ്ങളെ നേതാക്കള്‍ പണയംവച്ചെന്നും ഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഘപരിവാരത്തിന് അതിന്റെ ധാര്‍മികത കൈമോശം വന്നിരിക്കുന്നു. സ്വജനപക്ഷപാതവും കുടുംബവാഴ്ചയുമാണ് ആര്‍എസ്എസില്‍ നടക്കുന്നത്. മക്കള്‍രാഷ്ട്രീയത്തിനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. നേതാക്കളായ ബി എസ് യെദ്യൂരപ്പയുടെ മകന്‍, മുരുഗേഷ് നിറാനിയുടെ സഹോദരന്‍, ജഗദീഷ് ഷെട്ടാറിന്റെ സഹോദരന്‍ എന്നിവരെ രാഷ്ട്രീയത്തില്‍ പ്രവേശിപ്പിച്ചതിനെ ചൂണ്ടിക്കാണിച്ചാണ് ഗൗഡ ഇതു സൂചിപ്പിച്ചത്.
കോണ്‍ഗ്രസ്സിനെതിരേ അഴിമതിയാരോപണങ്ങള്‍ നടത്താന്‍ പോലും കഴിയാത്തവിധം സംഘപരിവാര നേതാക്കള്‍ അഴിമതിയില്‍ അകപ്പെട്ടുപോയെന്നും ഗൗഡ പറയുന്നു. ബിജെപി നേതാക്കളുടെ സമ്പത്തിനെക്കുറിച്ചും ഹനുമെ ഗൗഡ സംശയം പ്രകടിപ്പിച്ചു. സംഘടനയില്‍ തുടക്കകാലത്ത് പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ കോടീശ്വരന്‍മാരായതിനു പിന്നിലെ കാരണമെന്താണെന്ന് അദ്ദേഹം ചോദിച്ചു.
ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണിതെന്നും അഴിമതി നിറഞ്ഞ സംഘപരിവാരത്തില്‍ നിന്നു പ്രവര്‍ത്തകര്‍ വിട്ടുപോവാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ അജണ്ടയെന്നത് വാക്കില്‍ മാത്രമൊതുക്കുന്ന ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും തിരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്കൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും ഗൗഡ പ്രഖ്യാപിച്ചു.
ബബ്‌ലേശ്വര്‍ മണ്ഡലം ശിവസേന സ്ഥാനാര്‍ഥി സന്‍ഗയ്യ ഹിരാമത്തും അദ്ദേഹത്തോടൊപ്പം വാര്‍ത്താസമ്മേളനത്തിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it