wayanad local

നേതാക്കള്‍ക്കും ത്രിതല ഭരണസമിതികള്‍ക്കും വിമര്‍ശനം

മാനന്തവാടി: സിപിഎം മാനന്തവാടി ഏരിയാ സമ്മേളനത്തില്‍ നേതാക്കള്‍ക്കും ത്രിതല ഭരണ സമിതികള്‍ക്കുമെതിരേ പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം.
സമ്മേളനത്തിന്റെ തുടക്ക ദിവസമായ ഞായറാഴ്ച ഉച്ചയോടെ ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി വിമര്‍ശനങ്ങളൊന്നുമില്ലാത്ത വിധത്തില്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. വാളാട് ലോക്കല്‍ കമ്മിറ്റിയില്‍ പാര്‍ട്ടിക്ക് നിരക്കാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മാത്രമാണ് റിപോര്‍ട്ടില്‍ വിമര്‍ശനമുള്ളത്. നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബ്രാഞ്ച് തലം വരെ നടന്നുവെന്നും ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തൃപ്തിയും രേഖപ്പെടുത്തിയ റിപോര്‍ട്ടില്‍ പാര്‍ട്ടി ഭരണം കൈയാളുന്ന തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍, മാനന്തവാടി നഗരസഭ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും പൂര്‍ണ തൃപ്തിയും രേഖപ്പെടുത്തി.
എന്നാല്‍, തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍, പാര്‍ട്ടി ഭരണം കൈയാളുന്ന പഞ്ചായത്തുകളില്‍ പ്രതീക്ഷയ്‌ക്കൊത്തുള്ള ഭരണമല്ല നടക്കുന്നതെന്നു പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളിലെ ചില സാമ്പത്തിക ക്രമക്കേടുകളും ചര്‍ച്ചാവിഷയമായി. പ്രധാന റോഡുകള്‍ തകര്‍ന്നു തരിപ്പണമായിട്ടും എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും പാര്‍ട്ടി നേതൃത്വവും പ്രശ്‌നത്തില്‍ ഇടപെട്ടില്ലന്ന രൂക്ഷ വിമര്‍ശനവും പ്രതിനിധികള്‍ ഉന്നയിക്കുകയുണ്ടായി.
പൊതുവെ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പാര്‍ട്ടിക്കും ജനത്തിനും പൊതുജന പ്രശ്‌നങ്ങള്‍ക്കുമൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സമ്മേളന പ്രതിനിധികളില്‍ നിന്ന് അഭിപ്രായമുണ്ടായി.
Next Story

RELATED STORIES

Share it