Flash News

നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത കോണ്‍ഗ്രസ്സിന് തിരിച്ചടിയാവുന്നു

തിരുവനന്തപുരം: വയല്‍ക്കിളി സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത തിരിച്ചടിയാവുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷ നീക്കത്തിനാണ് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളുടെ പരസ്പരവിരുദ്ധ പ്രസ്താവനകള്‍ തലവേദനയായിരിക്കുന്നത്. സമരത്തെ അനുകൂലിച്ച് വി എം സുധീരന്‍ എത്തിയപ്പോള്‍ സിപിഎം നേതാക്കള്‍ക്കൊപ്പം കീഴാറ്റൂരിലെ സമരക്കാരെ തള്ളിപ്പറഞ്ഞ് കെ മുരളീധരന്‍ എംഎല്‍എയുമെത്തി.
കണ്ണൂരില്‍ നിന്നുള്ള ഒരുവിഭാഗം നേതാക്കള്‍ ദേശീയപാതയെ അംഗീകരിക്കുമ്പോള്‍ ഹരിത എംഎല്‍എമാര്‍ സുധീരനൊപ്പമാണ്. ഇന്നലെ കീഴാറ്റൂര്‍ വയലില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണു നടത്തിയത്. പഴയ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്പിമാരുടെ തന്ത്രമാണ് സിപിഎം കീഴാറ്റൂരില്‍ പ്രയോഗിക്കുന്നതെന്ന് വി എം സുധീരന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ സുധീരനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, ബെന്നി ബഹനാന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. വിഷയത്തിലെ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടു സംബന്ധിച്ച വ്യക്തതക്കുറവാണ് പിന്‍മാറ്റത്തിന് കാരണമെന്നാണു സൂചന. സമരം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം നിലപാട് ധാര്‍ഷ്ട്യമെന്ന് നിയമസഭയില്‍ വി ഡി സതീശനും പറഞ്ഞിരുന്നെങ്കിലും വയല്‍ നികത്തി റോഡ് പണിയുന്നതിനെക്കുറിച്ചോ ബദല്‍ സംവിധാനങ്ങളെ കുറിച്ചോ കോണ്‍ഗ്രസ് നേതൃത്വം കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നില്ല. സമരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളെയും സിപിഎമ്മിനെയും വിമര്‍ശിക്കുക മാത്രമാണ് നേതൃത്വം ചെയ്തത്.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ കീഴാറ്റൂരിലെത്തുന്നതിനെ നേരത്തേ കെ മുരളീധരന്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രാദേശിക വിഷയങ്ങള്‍ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്ത് വഷളാക്കുന്നത് വികസനവിരോധമാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതു വികസനത്തിനും തടസ്സം നില്‍ക്കുന്നു. എതു സര്‍ക്കാര്‍ ഭരിച്ചാലും ഇതിനു മാറ്റമില്ല. താന്‍ വൈദ്യുതിമന്ത്രിയായിരിക്കെ ആതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. വയല്‍ക്കിളി സമരത്തിനെതിരേ പരസ്യമായി രംഗത്തുവന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ നിലപാടും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ മുതലെടുപ്പിനു തിരിച്ചടിയായിട്ടുണ്ട്. സമരം ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്നും  പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. റോഡ് വികസനത്തിനായി വയല്‍ നികത്തുന്നിടത്ത് കൊടികുത്തി സമരം ചെയ്യുന്നതിനോട് ഐഎന്‍ടിയുസി യോജിക്കുന്നില്ലെന്നും  ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
ശുഹൈബ് വധം സിപിഎമ്മിനെതിരേ രാഷ്ട്രീയ ആയുധമാക്കി നേടിയ പ്രതിപക്ഷം വിജയം പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന  കീഴാറ്റൂര്‍ സമരത്തിലൂടെ  നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. എന്നാല്‍, നേതാക്കുളുടെ ശീതസമരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it