kasaragod local

നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിസമരം തുടരുന്നു; പ്രിന്‍സിപ്പലിന് ദേഹാസ്വാസ്ഥ്യം

കാഞ്ഞങ്ങാട്: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഘരാവോക്കിടയില്‍ പ്രിന്‍സിപ്പലിന് നേരെ കൈയേറ്റ ശ്രമം. ഇതിനിടയില്‍ പ്രിന്‍സിപ്പലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പടന്നക്കാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജക്ക് നേരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റത്തിന് മുതിര്‍ന്നത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അനീസിന് മതിയായ ഹാജര്‍ നല്‍കിയില്ല എന്നാരോപിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസമായ ഇന്നലെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ പുഷ്പജയെ ഘരാവോ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ മുറി വളയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഒടുവില്‍ അധ്യാപകരെത്തിയാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കി പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലിസും സ്ഥലത്തെത്തി.
അസുഖത്തെ തുടര്‍ന്ന് ചികില്‍യിലായിരുന്ന അനീസ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ചികില്‍സാ രേഖകളും ഹാജരാക്കി വകുപ്പ് മേധാവി അത് അംഗീകരിച്ചതായി എസ്എഫ്‌ഐ പറയുന്നു. എന്നാല്‍ ഹാജരാവാത്തവര്‍ക്ക് ഹാജര്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ക്ലാസിലിരിക്കാത്ത വിദ്യാര്‍ഥിക്ക് ഹാജര്‍ നല്‍കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഇതൊരു കീഴ്‌വഴക്കമാക്കിയാല്‍ സ്ഥിരമായി വരുന്ന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it