നെഹ്‌റുവിനും സോണിയക്കും എതിരേ കോണ്‍ഗ്രസ് മുഖമാസിക

മുംബൈ: ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സോണിയഗാന്ധിയെയും വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ച മഹാരാഷ്ട്ര കോണ്‍ഗ്രസ്സിന്റെ മുഖമാസികയായ കോണ്‍ഗ്രസ് ദര്‍ശന്റെ കണ്ടന്റ് എഡിറ്റര്‍ സുധീര്‍ ജോഷിയെ പിരിച്ചുവിട്ടു. മാസികയുടെ ഡിസംബര്‍ ലക്കത്തിലെ ഹിന്ദി പതിപ്പിലാണ് നേതാക്കള്‍ക്കെതിരേ വിമര്‍ശനം പ്രസിദ്ധീകരിച്ചത്. സോണിയഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ ഫാഷിസ്റ്റ് സൈന്യത്തിലെ അംഗമായിരുന്നു. ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ നെഹ്‌റു തയ്യാറായിരുന്നില്ല. ജമ്മുകശ്മീര്‍, ചൈന, തിബത്ത് വിഷയങ്ങളില്‍ നെഹ്‌റുവിന്റെ നിലപാട് ശരിയായിരുന്നില്ല തുടങ്ങിയ വാദങ്ങളാണ് ലേഖനത്തിലുള്ളത്. കശ്മീര്‍ വിഷയം വഷളാവാന്‍ കാരണം നെഹ്‌റുവാണ്.
പട്ടേലിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ പാകിസ്താനും ചൈനയുമായുള്ള ബന്ധം ഇന്നത്തെ നിലയിലാവുമായിരുന്നില്ല. 1997ല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ സോണിയ ഗാന്ധി 62 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷയായി. തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സോണിയക്കു സാധിച്ചില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. മാസികയില്‍ വന്ന ലേഖനങ്ങളില്‍ എഡിറ്ററും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് നിരുപം ഖേദം പ്രകടിപ്പിച്ചു. ഇതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മേലില്‍ ഇതാവര്‍ത്തിക്കുകയില്ലന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി 131ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് നേതാക്കളെ വിമര്‍ശിച്ച് ലേഖനം പുറത്തുവന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലും മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചാല്‍ പാര്‍ട്ടി ഗൗരവമായെടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇതിനിടെ ലേഖനം ബിജെപി കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാനുള്ള ആയുധമാക്കി. സോണിയഗാന്ധി സത്യം പുറത്തുവിടണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it