നെസ്‌ലേയുടെ പാസ്ത സുരക്ഷിതമല്ലെന്ന് പരിശോധനാ ഫലം

ലഖ്‌നോ: നെസ്‌ലേ ഇന്ത്യയുടെ പാസ്തയില്‍ അനുവദനീയമായതില്‍ കൂടുതല്‍ ഈയത്തിന്റെ അംശമുള്ളതായി ഉത്തര്‍പ്രദേശിലെ ലാബിലെ പരീക്ഷണ ഫലം. മൗ ജില്ലയിലെ സിജി ട്രേഡേഴ്‌സില്‍ നിന്നുള്ള പാസ്ത സാമ്പിളുകളാണ് ലക്‌നോവിലെ സര്‍ക്കാര്‍ ലാബില്‍ പരീക്ഷണത്തിനു വിധേയമാക്കിയത്.
ദശക്ഷം പദാര്‍ഥങ്ങളില്‍ 2.25 (2.25 പിപിഎം) എന്ന നിലയിലാണ് ഈയത്തിന്റെ അനുവദനീയമായ അളവ്. എന്നാല്‍ നെസ്‌ലേ പാസ്തയുടെ സാംപിളുകളില്‍ ഇത് 6 പിപിഎം ആണെന്ന് മൗ ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ അരവിന്ദ് യാദവ് പറഞ്ഞു. പരീക്ഷണ ഫലം പ്രകാരം സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് നെസ്‌ലേയുടെ പാസ്ത ഉള്‍പ്പെടുത്താന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 10നായിരുന്നു ലാബ് റിപോര്‍ട്ട് വന്നത്. പരീക്ഷണ ഫലം ലഭിച്ച ശേഷം നെസ്‌ലേയില്‍ നിന്നു വിശദീകരണം തേടിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. ഇതു സംബന്ധിച്ച റിപോര്‍ട്ട് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിലേക്ക് അയച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ നെസ്‌ലേക്കെതിരേ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും യാദവ് അറിയിച്ചു. അതെസമയം, ഇത്തരമൊരു റിപോര്‍ട്ടിനെപ്പറ്റി അറിയില്ലെന്ന് നെസ്‌ലേ അധികൃതര്‍ അറിയിച്ചു. നെസ്‌ലേയുടെ മാഗി നൂഡില്‍സ് ഗുണനിലവാര പ്രശ്‌നത്തെത്തുടര്‍ന്ന് നിരോധിച്ചതിനുപുറകെയാണ് പുതിയ ഫലം.
Next Story

RELATED STORIES

Share it