നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തേണ്ടെന്ന്

തീരുമാനംതിരുവനന്തപുരം: നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ നിന്നു നഗരങ്ങള്‍ക്ക് ഇളവു നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. സിപിഐ കര്‍ശന നിലപാടെടുത്തതോടെയാണ് നടപടി. നിയമത്തിന്റെ അന്തസ്സത്ത ചോരുന്ന തരത്തില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്നു സിപിഐ വ്യക്തമാക്കി. ഇതോടെയാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു ഭേദഗതിയും വരുത്തേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.
നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ നഗരമേഖലയില്‍ ഇളവു വരുത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വികസനാവശ്യങ്ങള്‍ക്ക് ഈ ഇളവ് അത്യാവശ്യമാണെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു. നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഈ വിവാദ നീക്കമാണ് വേണ്ടെന്നു വച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് രാഷ്ട്രീയ സമവായമുണ്ടാക്കാന്‍ സിപിഎം, സിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയിരുന്നു.
നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിക്കില്ലെന്നും നിയമത്തിന്റെ അന്തസ്സത്ത ചോദ്യം ചെയ്യുന്ന ഒരു ഭേദഗതിക്കും സിപിഐ പിന്തുണ നല്‍കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കു ശേഷം നേരത്തേ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു മാറ്റവും ഭേദഗതിയില്‍ ഉണ്ടാവില്ലെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇളവിനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്നു നഗരങ്ങളില്‍ പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്തുന്നതില്‍ സര്‍ക്കാരിന്റെ അനുമതി മാത്രം മതിയെന്ന തരത്തില്‍ നിയമം ഭേദഗഗതി ചെയ്യാനായിരുന്നു നീക്കം. കര്‍ഷകനും പഞ്ചായത്തുമെല്ലാം പങ്കാളികളാവുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ഈ നീക്കമെന്നായിരുന്നു വിമര്‍ശനം. ഈ ഭേദഗതിയാണ് വേണ്ടെന്നു വച്ചത്.
നഗരങ്ങളില്‍ അഞ്ച് സെന്റും പട്ടണങ്ങളില്‍ 10 സെന്റും 1500 ചതുരശ്ര അടിവരെ വീടുവയ്ക്കുന്നതിനായി സൗജന്യമായി ക്രമപ്പെടുത്താന്‍ അനുമതി നല്‍കുന്ന ഭേദഗതി നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it