നെല്‍വയല്‍ നികത്തല്‍ സാധൂകരണം: അപേക്ഷിക്കാനുള്ള തിയ്യതി മൂന്നുമാസത്തേക്കു നീട്ടി

തിരുവനന്തപുരം: നികത്തിയ നെല്‍വയലുകള്‍ക്കു നിയമസാധുത ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള സമയപരിധി മൂന്നുമാസത്തേക്കു കൂടി നീട്ടി. 2008നു മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്കാണ് ന്യായവിലയുടെ 25 ശതമാനം ഈടാക്കി നിയമസാധുത നല്‍കാന്‍ ധനകാര്യ ബില്ലില്‍ വ്യവസ്ഥ കൊണ്ടുവന്നത്. തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കിയത്.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കൊണ്ടുവന്ന ഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം, പുതിയ ഉത്തരവ് വീടു വയ്ക്കാനുള്ള അനുമതി പോലും തടയുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കുറെയധികം പേര്‍ക്ക് അപേക്ഷിക്കാനായിട്ടില്ലെന്നും പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ചട്ടവിരുദ്ധമായി നികത്തിയ വയലുകള്‍ ക്രമവല്‍ക്കരിക്കാനുള്ള അപേക്ഷകള്‍ നല്‍കാനുള്ള തിയ്യതി മെയ് അവസാനം വരെ നീട്ടുന്നതെന്നും റവന്യൂവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ത്തന്നെ ഏകദേശം ഒരുലക്ഷത്തോളം അപേക്ഷകള്‍ കലക്ടറേറ്റുകളില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 25,000 എണ്ണവും എറണാകുളം ജില്ലയില്‍ നിന്നാണ്.
2008നു മുമ്പ് വയല്‍ നികത്തിയതിന് നിയമപരമായ സാധുത ലഭിക്കാന്‍ ന്യായവിലയുടെ 25 ശതമാനം ഫീസായി അടച്ചാല്‍ മതിയെന്ന നിയമഭേദഗതി ധനബില്ലിന്റെ ഭാഗമായി അവതരിപ്പിച്ചപ്പോള്‍ മുതല്‍ എതിര്‍പ്പുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it