നെല്‍വയല്‍ നികത്തല്‍: വിജിലന്‍സ് അന്വേഷണം നടത്തണം- വിഎസ്

തിരുവനന്തപുരം: ഹരിപ്പാട്ട് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിനു വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തതും അതു നികത്താന്‍ തീരുമാനിച്ചതും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
പിപിപി മോഡല്‍ എന്നു പറയുന്ന നിര്‍ദിഷ്ട പദ്ധതി ദുരൂഹതകള്‍ നിറഞ്ഞതും സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കൊള്ളലാഭം ഉണ്ടാക്കാന്‍ ഉതകുന്നതുമാണ്. ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള 25 ഏക്കറില്‍ നെ ല്‍വയലും തണ്ണീര്‍ത്തടവും ഉള്‍പ്പെട്ട 15 ഏക്കര്‍ നികത്താനും അംഗീകാരം നേടിയിരിക്കുകയാണ്. ഇത് പരിസ്ഥിതി സന്തുലനം അട്ടിമറിക്കുന്നതുമാണ്. സിയാല്‍ മോഡല്‍ പിപിപി എന്ന് പുറമേ പറയുമ്പോഴും സിയാലില്‍നിന്നു വ്യത്യസ്തമായി സ്വകാര്യവ്യക്തികള്‍ക്ക് മേല്‍ക്കൈ ഉള്ളതാണ് നിര്‍ദിഷ്ട പദ്ധതി. സിയാലില്‍ സംസ്ഥാന സര്‍ക്കാരിന് 51 ശതമാനം പങ്കാളിത്തമുള്ളപ്പോള്‍, ഇവിടെ 26 മാത്രമാണ്. ഭൂമി നല്‍കുക മാത്രമല്ല, പദ്ധതിക്കു വേണ്ടി എടുക്കുന്ന വായ്പ തിരിച്ചടക്കേണ്ട ബാധ്യതയും സര്‍ക്കാരിനാണ്. നിയമനം, കുട്ടികളുടെ പ്രവേശനം എന്നിവയില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല.
സര്‍ക്കാര്‍ ചെലവില്‍ സ്ഥലം എംഎല്‍എ കൂടിയായ രമേശ് ചെന്നിത്തലയുടെ ഇഷ്ടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഒരു തട്ടിപ്പു പദ്ധതിയാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജ്. ജില്ലാ ആശുപത്രിയുടെ പദവിയിലേക്കുയര്‍ത്തിയ ഹരിപ്പാട് താലൂക്ക് അശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങളൊന്നും ഒരുക്കാന്‍ കൂട്ടാക്കാതെയാണ് ഇവിടെ മെഡിക്കല്‍ കോളജിനു വേണ്ടി ദുരൂഹമായ ശ്രമം നടത്തിയിട്ടുള്ളത്. കേവലം 15 കിലോമീറ്റര്‍ മാത്രം അകലെ വണ്ടാനത്ത് ആലപ്പുഴ മെഡിക്കല്‍ കോളജുള്ളപ്പോള്‍ വീണ്ടും ഒരു മെഡിക്കല്‍ കോളജ് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇതിനു പിന്നിലെ കള്ളക്കളികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ അടിയന്തര വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it