നെല്‍വയല്‍ നികത്തല്‍ ജാമ്യമില്ലാ കുറ്റമാക്കിയേക്കും

തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഉടമയുടെ അനുവാദമില്ലാതെ തരിശ് നിലം കൃഷിക്കായി ഏറ്റെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന തരത്തിലാവും നിയമനിര്‍മാണം. നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃഷി ഓഫിസറോ വില്ലേജ് ഓഫിസറോ കോടതിയില്‍ റിപോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപ്പെടാം. പുതിയ ഭേദഗതിയില്‍ ഇതിനു മാറ്റംവരും. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസിന് നേരിട്ട് കേസെടുക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്ഥലം ഉടമയുടെ അനുവാദമില്ലാതെ തരിശ് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉണ്ടാവും. സ്ഥലം ഉടമയ്ക്ക് നിശ്ചിത തുക പാട്ടമായി നല്‍കിയാല്‍ മതി. ഇതോടൊപ്പം 2008ന് മുമ്പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്താമെന്ന വ്യവസ്ഥയിലും മാറ്റംവരും. അതേസമയം, നെല്‍വയല്‍ നിയമം ഭേദഗതിവരുത്തുന്നതിനെച്ചൊല്ലി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്. വ്യവസായ, കൃഷി വകുപ്പുകളാണ് ഇക്കാര്യത്തില്‍ പരസ്പരം ഇടഞ്ഞുനില്‍ക്കുന്നത്. പൊതു ആവശ്യത്തിനുള്ള നിലംനികത്തലിന് പ്രാദേശിക സമിതികളുടെ റിപോര്‍ട്ട് അനുസരിച്ച് സംസ്ഥാനസമിതിക്ക് തീരുമാനിക്കാമെന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ 10ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിലാണ് തര്‍ക്കം. പുതിയ ഭേദഗതിയനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ മറ്റേതെങ്കിലും സമിതിയുടെ റിപോര്‍ട്ട് സമര്‍പ്പിച്ച് സംസ്ഥാനസര്‍ക്കാരില്‍ നിന്ന് നേരിട്ട് അനുമതി വാങ്ങാവുന്നതാണ്. വ്യവസായവകുപ്പിന്റെ താല്‍പര്യാര്‍ഥമുള്ള ഈ ഭേദഗതിയെ കൃഷിവകുപ്പ് ശക്തമായി എതിര്‍ക്കുകയാണ്. എതിര്‍പ്പ് ശക്തമായതോടെ നിയമഭേദഗതി കൊണ്ടുവരുന്നത് വീണ്ടും അനിശ്ചിതത്വത്തിലായി. കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനാണു തീരുമാനം.അതേസമം, നിയമം പരിഷ്‌കരിക്കുന്നത് ചെറുകിട കര്‍ഷകരെയും ഭൂരഹിതരെയും ബാധിക്കില്ല. 2008ന് മുമ്പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്താമെന്നുള്ള വ്യവസ്ഥയിലും മാറ്റംവരും. വീടുവയ്ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴയടയ്‌ക്കേണ്ടതില്ല. എന്നാല്‍ വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്ര മീറ്ററാണ്. ഇതിന് മുകളിലാണ് നികത്തിയതെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴ ഈടാക്കും.
Next Story

RELATED STORIES

Share it