നെല്‍വയല്‍ നികത്തല്‍ ഇനി ക്രിമിനല്‍ കുറ്റം

തിരുവനന്തപുരം: കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ പദ്ധതികളുടെ സുഗമമായ നടത്തിപ്പും ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.
ഭൂമി ന്യായവിലയുടെ 25 ശതമാനം തുക ഈടാക്കി നെല്‍വയല്‍ നികത്തല്‍ ക്രമപ്പെടുത്താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തു നെല്‍വയല്‍ നികത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യം ലഭിക്കാത്തതുമാവും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമമാവും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാരിനു നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ പ്രാദേശികതല നിരീക്ഷണ സമിതികളുടെ അനുമതി വേണ്ട. ഇതിന് മന്ത്രിസഭാ അനുമതി മാത്രം മതിയെന്നാണ് വ്യവസ്ഥയെന്നാണു സൂചന. ഇതോടെ ഗെയില്‍ പദ്ധതി ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ക്കെതിരായ പ്രദേശവാസികളുടെ എതിര്‍പ്പ് സര്‍ക്കാരിന് അനായാസം മറികടക്കാം.  നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ചു രക്ഷപ്പെടാമെന്ന പഴുതും പുതിയ ഭേദഗതിയില്‍ ഇല്ലാതാവും. ജാമ്യമില്ലാ വകുപ്പുപ്രകാരം പോലിസിന് നേരിട്ടു കേസെടുക്കാമെന്നതാണ് പുതിയ ഭേദഗതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്ഥലമുടമയുടെ അനുവാദമില്ലാതെ തരിശുഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയുമുണ്ടാവും. സ്ഥലമുടമയ്ക്ക് നിശ്ചിത തുക പാട്ടമായി നല്‍കിയാല്‍ മതി.
2008ന് മുമ്പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്താമെന്ന വ്യവസ്ഥയിലും മാറ്റമുണ്ടാവും. വീടുവയ്ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴ ഇല്ല. വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്ര മീറ്ററാണ്. ഇതിനു മുകളിലാണ് നികത്തിയതെങ്കില്‍ ന്യായവിലയുടെ പകുതിയാണ് പിഴ.
പുതിയ ഭേദഗതിയനുസരിച്ച് പത്ത് സെന്റിനു മുകളിലുള്ള നെല്‍വയല്‍ നികത്തല്‍ ക്രമപ്പെടുത്തില്ല. വീട് വയ്ക്കുന്നതിനായി നഗരത്തില്‍ അഞ്ചും ഗ്രാമങ്ങളില്‍ പത്ത് സെന്റും വരെ നികത്താന്‍ അനുമതി നല്‍കും. അനുമതി നല്‍കുന്നതിനുള്ള അധികാരം വില്ലേജ് ഓഫിസര്‍ക്കൊപ്പം കൃഷി ഓഫിസര്‍ക്കും നല്‍കിക്കൊണ്ടുള്ള ഭേദഗതിയും ബില്ലില്‍ ഉള്‍പ്പെടുത്തി.
Next Story

RELATED STORIES

Share it