നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി പിന്‍വലിക്കണം: മേധ പട്കര്‍

തിരുവനന്തപുരം: കേരളത്തില്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ആവശ്യപ്പെട്ടു. എന്‍ രാമചന്ദ്രന്‍ മെമ്മോറിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനായി തലസ്ഥാനത്ത് എത്തിയ അവര്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു.
ഭേദഗതിയില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യമുന്നയിച്ച് നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുത്തകകള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിയമനിര്‍മാണം നടപ്പാക്കുന്നത്. സര്‍ഫാസി ആക്ട് ഉപയോഗിച്ച് വീടും ഭൂമിയും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പ്രീത ഷാജിയുടെ പ്രശ്‌നം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. തീരദേശ പരിപാലന നിയമത്തിന്റെ കരട് മല്‍സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നതും ടൂറിസം മേഖലയ്ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതുമാണ്. വിഷയബന്ധിതമായി എല്ലാവരും ഒരുമിച്ചു പ്രതിഷേധരംഗത്ത് നിലയുറപ്പിച്ചാലേ പരിസ്ഥിതി സമരങ്ങള്‍ വിജയം വരിക്കൂ.
ജനങ്ങളുടെ പിന്തുണയില്ലാത്ത പരിസ്ഥിതി സമരങ്ങള്‍ പരിഹാസ്യമാണ്. കേരളത്തിലെ പരിസ്ഥിതി സമരങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായ ഘടകമാണിത്. വിഴിഞ്ഞം പദ്ധതിക്കെതിരേയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ കരുതലോടെ വേണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.  വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് കാര്യങ്ങളെക്കുറിച്ച് പഠന റിപോര്‍ട്ട് തയ്യാറാക്കണം. അധികാരികള്‍ക്കു നിവേദനം സമര്‍പ്പിക്കുന്നതിലൂടെ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. നര്‍മദ ബചാവോ സമരവും പഞ്ചസാര ലോബിക്കെതിരേയുള്ള സമരവും നമുക്ക് പാഠമാണെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it