നെല്‍വയലുകളും കേരളവും

കേരളത്തിലെ നെല്‍വയലുകള്‍ വന്‍തോതിലുള്ള നികത്തലിനു വിധേയമാവുന്നത് 1970 മുതല്‍ക്കാണ്. 2000മാണ്ട് കഴിഞ്ഞപ്പോഴേക്കും ഒമ്പതുലക്ഷം ഹെക്റ്ററില്‍ നിന്ന് കേവലം 2.8 ലക്ഷം ഹെക്റ്ററായി നെല്‍വയല്‍ വിസ്തൃതി ചുരുങ്ങി. നെല്‍വയലുകള്‍ക്കും അതുപോലെ തണ്ണീര്‍ത്തടങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന നാശം നാടെങ്ങും ചര്‍ച്ചയും പ്രതിഷേധവും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് കേരള നിയമസഭ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം 2008ല്‍ ഏകകണ്ഠമായി പാസാക്കിയത്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ച് നാട്ടില്‍ കാര്‍ഷികസമൃദ്ധി കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. നിയമം പ്രാബല്യത്തില്‍ വന്ന 2008 മുതല്‍ നികത്തല്‍ പൂര്‍ണമായും നിരോധിക്കുന്നതാണെന്നും നിരോധനം ലംഘിക്കുന്നവര്‍ക്ക് ശിക്ഷയായി ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ വരെ പിഴയും ചുമത്താമെന്നും ബില്ലില്‍ വ്യവസ്ഥചെയ്തിരുന്നു. വീട് വയ്ക്കാന്‍ മറ്റു സ്ഥലമില്ലെങ്കില്‍, പഞ്ചായത്തുകളില്‍ 10 സെന്റും മുനിസിപ്പാലിറ്റികളില്‍ അഞ്ച് സെന്റും നികത്താന്‍ അനുമതി നല്‍കും.

ഈ അനുമതിക്ക് ശുപാര്‍ശ ചെയ്യേണ്ടത് പഞ്ചായത്ത് മേലധ്യക്ഷന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മോണിട്ടറിങ് സമിതികളാണ്. പൊതു ആവശ്യത്തിനു നികത്തേണ്ടിവരുമ്പോഴും ഈ സമിതിയുടെ പരിഗണനയ്ക്കു വിധേയമാക്കിയിരിക്കണം. എല്ലാ പഞ്ചായത്തുകളും കൃഷി ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നെല്‍വയല്‍ മാപ്പിങ് ചെയ്ത് കൃത്യമായ ഡാറ്റാ ബാങ്ക് ഉണ്ടാക്കി ഗസറ്റില്‍ പരസ്യപ്പെടുത്തണം.  എന്നാല്‍, ഈ വ്യവസ്ഥകള്‍ ഏറ്റവും കൂടുതല്‍ ലംഘിച്ചത്, നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ തന്നെ എന്നതാണു യാഥാര്‍ഥ്യം. 2008നു ശേഷവും നെല്‍വയലുകള്‍ നികത്തിക്കൊണ്ടേയിരുന്നു. ആറുമാസത്തിനകം നെല്‍വയല്‍ ഡാറ്റാബേസ് ഗസറ്റില്‍ പ്രസിദ്ധീകരിക്കണം എന്നായിരുന്നു വ്യവസ്ഥയെങ്കിലും നാളിതുവരെയായി കേവലം 90 പഞ്ചായത്തുകള്‍ മാത്രമാണ് അതു പാലിച്ചത്.

ഈ ഡാറ്റാബേസ് ഉണ്ടെങ്കിലേ പുതുതായി നികത്തിയവര്‍ക്കെതിരേ കേസെടുത്ത് ശിക്ഷിക്കാന്‍ കഴിയൂ. അതിനാല്‍ അതും നാമമാത്രമായി മാത്രമേ നടന്നുള്ളൂ. ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റില്‍ 2008നു മുമ്പ് നികത്തിയവര്‍ക്ക് നിശ്ചിത ഫീസ് അടച്ചാല്‍ അതു നിയമവിധേയമാക്കാമെന്ന ഒരു ഇളവ് അനുവദിച്ചതാണ് ഏറ്റവും അവസാനത്തെ വെള്ളംചേര്‍ക്കല്‍. കൃത്യമായ ഡാറ്റാബേസ് ഇല്ലാതെ എങ്ങനെയാണ് നികത്തിയത് 2008നു മുമ്പോ പിമ്പോ എന്ന് നിര്‍ണയിക്കാന്‍ കഴിയുക?  നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും നിശ്ചയമായും നടപ്പാക്കേണ്ടതുമായ വ്യവസ്ഥ, നെല്‍കര്‍ഷകര്‍ക്കു വേണ്ട സഹായവും പ്രോല്‍സാഹനവും നല്‍കണം എന്നതാണ്. നെല്‍വയല്‍ സംരക്ഷിക്കുക എന്നാല്‍ നെല്‍കര്‍ഷകരെ സംരക്ഷിക്കുക എന്നുതന്നെയാണ്.

ഈ രംഗത്തും ഒരു നീക്കവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഏതോ കുറ്റംചെയ്ത ഒരുവനെപ്പോലെയാണ് ഇന്നു നെല്‍കര്‍ഷകന്‍. നാട്ടിലെ ജനങ്ങള്‍ക്കു വേണ്ട ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കാണ് നാട്ടില്‍ ഏറ്റവും പ്രമുഖമായ സ്ഥാനമുണ്ടാവേണ്ടത്. കര്‍ഷകന്റെ സ്ഥാനവും മാനവും ജീവിതവും സംരക്ഷിച്ചുകൊണ്ടു മാത്രമേ നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ പറ്റൂ.  നെല്‍പ്പാടം നമുക്ക് നെല്ല് മാത്രമല്ല, തൊഴിലും തരുന്നുണ്ട്. ഓരോ നെല്‍പ്പാടവും ജൈവവൈവിധ്യത്തിന്റെ കലവറയുംകൂടിയാണ്. മഴവെള്ളം സംരക്ഷിച്ച് ഭൂമിയിലേക്കിറക്കി ഭൂഗര്‍ഭ ജലവിതാനത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ നെല്‍പ്പാടം വഹിക്കുന്ന പങ്ക് ഇതിലെല്ലാമുപരിയും. ഇങ്ങനെ കിനിഞ്ഞിറങ്ങി ഭൂഗര്‍ഭ ജലവിതാനത്തെ ഉയര്‍ത്തുന്നതുകൊണ്ടാണ് സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ വേനല്‍ക്കാലത്തുപോലും നീര്‍ നിറയുന്നത്. വികസിതരാജ്യങ്ങളിലൊക്കെ നെല്‍കര്‍ഷകര്‍ക്ക് വലിയതോതില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. യു.എസില്‍ 33 ശതമാനം മുതല്‍ 50 ശതമാനം വരെയാണത്രെ സബ്‌സിഡി.

പ്രധാന നെല്ലുല്‍പ്പാദകരാജ്യങ്ങളിലെല്ലാം ഇതാണു സ്ഥിതി. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ പ്രസക്തമാണ്. എന്തുകൊണ്ടെന്നാല്‍ ഇവിടെ ഉല്‍പ്പാദനക്ഷമത കുറവും അധ്വാനച്ചെലവ് വളരെ കൂടുതലുമാണ്. ഒരേക്കര്‍ നെല്‍പ്പാടത്തില്‍നിന്ന് ശരാശരി രണ്ടു ടണ്‍ ആണ് കേരളത്തിലെ ഉല്‍പ്പാദനം. എന്നാല്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇത് 10 ടണ്‍ ആണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ ഉല്‍പ്പാദനച്ചെലവ് വളരെ കൂടുതലാണ്. യു.പിയിലും ബിഹാറിലും ആന്ധ്രയിലുമൊക്കെ ഒരുദിവസത്തെ അധ്വാനത്തിന് 200-250 രൂപയാണ് നല്‍കേണ്ടതെങ്കില്‍ ഇവിടെയത് 500 രൂപയ്ക്കും മുകളിലാണ്. കിട്ടാന്‍ വിഷമവും. ഈ പ്രശ്‌നങ്ങളെല്ലാം മറികടക്കാന്‍, കൂടുതല്‍ രാസവളം ഉപയോഗിച്ചുള്ള കടുംകൃഷിയിലേക്കു നീങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. ഇതാവട്ടെ, കൃഷിച്ചെലവ് വീണ്ടും കൂട്ടുകയും നെല്‍പ്പാടത്തിന്റെ ഉല്‍പ്പാദനക്ഷമത വലിയതോതില്‍ കുറയ്ക്കുകയുമാണു ചെയ്യുക.

ഇത്തരമൊരു വസ്തുനിഷ്ഠ യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് എങ്ങനെയാണ് നെല്‍കൃഷി ചെയ്ത് നെല്‍പ്പാടം സംരക്ഷിക്കാന്‍ കഴിയുക? ജീവിക്കാന്‍ തന്നെ കഴിയാത്ത ഒരവസ്ഥയിലേക്കു കൂപ്പുകുത്തുന്ന കര്‍ഷകര്‍ കൃഷി തന്നെ വേണ്ടെന്നു വയ്ക്കുന്നതില്‍ എന്താണ് അതിശയം? നെല്‍വയല്‍ സംരക്ഷണത്തിന് ആദ്യം വേണ്ടത് അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ട കര്‍ഷകന്റെ സാമൂഹിക പദവിയും സാമ്പത്തിക സുസ്ഥിരതയും ഉയര്‍ത്തുക എന്നതാണ്. ഭൂമിയുടെ മേലുള്ള അവകാശത്തിനും ചില നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ.

അതായത് താമസിക്കാനുള്ള ഭൂമി, കാര്‍ഷിക ഭൂമി, വ്യവസായങ്ങള്‍ക്കുള്ള ഭൂമി, വ്യാപാരാവശ്യങ്ങള്‍ക്കും മറ്റു സേവനസൗകര്യങ്ങള്‍ക്കുമുള്ള ഭൂമി എന്നിവയൊക്കെ  വേര്‍തിരിച്ച് വിവിധ സോണുകളാക്കി അടയാളപ്പെടുത്തണം. കൃഷിഭൂമി, കൃഷിഭൂമിയായി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വില്‍പ്പന നടത്തിയാലും അത് മറ്റൊന്നായി മാറ്റാന്‍ പാടില്ല. ഭൂ ഉപയോഗത്തിലുള്ള സമ്പൂര്‍ണ സാമൂഹികവല്‍ക്കരണം കൂടി നടന്നാലേ ഓരോന്നിനും വേണ്ട ഭൂമി ആവശ്യാനുസരണം ലഭ്യമാക്കാനാവൂ. ഭൂമിയെ കച്ചവടച്ചരക്കായി കണക്കാക്കിക്കൊണ്ടുള്ള റിയല്‍ എസ്‌റ്റേറ്റ് സംസ്‌കാരത്തില്‍ നെല്‍വയലുകളുടെ അതീവ ലോലമായ വിനിയോഗരീതികളെ സംരക്ഷിക്കുക ദുഷ്‌കരമാണ.്

ഇന്നത്തെ നെല്‍വയല്‍ സംരക്ഷണനിയമം ശുഷ്‌കാന്തിയോടെ നടപ്പാക്കാതിരുന്നതാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെടാനും പാരിസ്ഥിതിക തകര്‍ച്ച ഉണ്ടാവാനും കാരണം എന്ന പരാതിയാണ് പരിഗണിക്കുന്നതെങ്കില്‍ നെല്‍വയലുകളോടൊപ്പം കര്‍ഷകനെയും സംരക്ഷിക്കുന്ന നയമാണു സ്വീകരിക്കേണ്ടത്. ഇതിനു നിയമം മാറ്റിയെഴുതേണ്ട ആവശ്യമേയില്ല. നിലവിലുള്ള നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികളാണു വേണ്ടത്. നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കാത്തതുകൊണ്ട് വികസനം നടപ്പാക്കാന്‍ കഴിയുന്നില്ല എന്നൊരു പരാതിയും കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ത്തപ്പെടുന്നുണ്ട്. ആറന്മുളയിലേതുപോലെ, നെല്‍വയലും നീര്‍ത്തടങ്ങളും നികത്തിയിട്ടായാലും വിമാനത്താവളമുണ്ടാക്കണം എന്ന് ശഠിക്കുന്നവരുടെയും റിയല്‍എസ്‌റ്റേറ്റ് ദല്ലാള്‍മാരുടെയും ഈ ആവലാതി പരിഗണിച്ചാണോ സര്‍ക്കാര്‍ നിയമം പൊളിച്ചെഴുതുന്നത്? എങ്കില്‍ നാം വലിയ അപകടത്തിലേക്കാണു നീങ്ങുന്നത്.                   (കടപ്പാട്: ശാസ്ത്രഗതി,                                   സപ്തംബര്‍, 2015)
Next Story

RELATED STORIES

Share it