wayanad local

നെല്‍കൃഷി വ്യാപനം കടലാസില്‍ : വയലേലകള്‍ തരംമാറ്റി



മാനന്തവാടി: മുമ്പെങ്ങുമില്ലാത്ത വിധം വരള്‍ച്ച പിടിമുറുക്കുമ്പോഴും ജലസംരക്ഷണത്തിനുതകുന്ന നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല. പാടശേഖരങ്ങളെല്ലാം തന്നെ ഇപ്പോള്‍ വാഴ, കവുങ്ങ് കൃഷികള്‍ക്ക് വഴിമാറുന്നു. ഇതു വയനാടിന്റെ കാലാവസ്ഥ മാറ്റിമറിക്കുന്നതിനു കാരണമായതായി ഇതിനോടകം തന്നെ ബോധ്യമായതാണ്. നെല്‍കൃഷി ചെലവേറിയതും ആദായകരവുമല്ലെന്ന കാരണത്താലാണ് മിക്ക കര്‍ഷകരും ഈ മേഖലയില്‍ നിന്നു പിന്‍വാങ്ങുന്നത്. ഉല്‍പാദനച്ചെലവ് വര്‍ധിക്കുകയും തൊഴിലാളികളെ കിട്ടാതാവുകയും ചെയ്തതോടെ ജില്ലയിലെ നെല്‍കൃഷി അനുദിനം കുറഞ്ഞുവരികയാണ്. ചെറിയ ടൗണുകളോട് ചേര്‍ന്നുനില്‍ക്കുന്ന വയലുകളെല്ലാം തന്നെ ഇതിനോടകം അപ്രത്യക്ഷമായി. വ്യാപാര സ്ഥാപനങ്ങളും വീടുകളും വയലുകളില്‍ പൊങ്ങിത്തുടങ്ങി. സ്വന്തമായി ഭൂമില്ലാത്തവര്‍ക്ക് വയല്‍ നികത്തി വീടു നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ അനുവാദം ലഭിച്ചതോടെ നിയമത്തിന്റെ പഴുതുപയോഗിച്ച് വ്യാപകമായി വയലുകള്‍ തരംമാറ്റപ്പെട്ടു. വന്‍കിട ലോബികള്‍ ഏക്കര്‍ കണക്കിനു പാടങ്ങള്‍ വിലയ്‌ക്കെടുത്ത് മുറിച്ചുവിറ്റ് കച്ചവടം തുടങ്ങിയതോടെ വയനാടിന്റെ ഭൂപ്രകൃതിയും മാറി. ഗ്രാമപ്രദേശങ്ങളിലെ നെല്‍വയലുകളില്‍ കവുങ്ങുകള്‍ സ്ഥാനം പിടിച്ചു. ഇതിനു പുറകെ വാഴകൃഷിയും മല്‍സ്യക്കുളങ്ങളും വന്നതോടെ നെല്‍കൃഷി നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. കാലാവലസ്ഥ അനുകൂലമായില്ലെങ്കില്‍ കൃഷിയെടുക്കുന്ന നെല്‍കര്‍ഷകര്‍ക്ക് വന്‍ കടബാധ്യതയാണുണ്ടാവുക. കാലാവസ്ഥ അനുകൂലമായാല്‍ തന്നെ ചെറുകിട നെല്‍കര്‍ഷകര്‍ക്ക് മുതല്‍ പോലും ലഭിക്കില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഒരേക്കര്‍ നെല്‍വയല്‍ വാഴകൃഷിക്കായി പാട്ടത്തിനു നല്‍കിയാല്‍ ഇരുപതിനായിരം രൂപയോളം ലഭിക്കും. അതുകൊണ്ടു തന്നെ കഷ്ടപ്പെട്ട് നെല്‍കൃഷിയിറക്കി നഷ്ടം വരുത്തിവയ്ക്കുന്നതിനേക്കാള്‍ വയലുകള്‍ പാട്ടത്തിനു നല്‍കാനാണ് കര്‍ഷകര്‍ക്ക് പ്രിയം. ഒരേക്കറിലധികം വയലുള്ള കര്‍ഷകന് ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യമൊന്നും ലഭിക്കില്ല. കൈവശമുള്ള വയലില്‍ കൃഷി ചെയ്താല്‍ നഷ്ടം മാത്രം ബാക്കിയാവുന്നതിനാല്‍ വയലുകള്‍ കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനവുമില്ല. വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളായ പുലിക്കാട്, പാലിയാണ എന്നിവ ഈ അടുത്ത കാലത്താണ് വാഴത്തോട്ടങ്ങള്‍ക്ക് വഴിമാറിയത്. വെള്ളമുണ്ടയിലെ കൃഷി ഓഫിസര്‍ നെല്‍കര്‍ഷകരുടെ ഉന്നമനത്തിന് ആത്മാര്‍ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ആനുകൂല്യം നല്‍കുന്നതില്‍ മാറിമാറി വരുന്ന ഭരണകൂടം തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. നെല്‍കൃഷി പ്രോല്‍സാഹനത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it