wayanad local

നെല്‍കൃഷി വികസനം : ഇത്തവണ ജില്ലയില്‍ 293.63 ലക്ഷം രൂപയുടെ പദ്ധതികള്‍



കല്‍പ്പറ്റ: നെല്‍വര്‍ഷാചരണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് നെല്‍കൃഷി പ്രോല്‍സാഹനത്തിനായി ഈ വര്‍ഷം ജില്ലയില്‍ 294.63 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു. ജില്ലയില്‍ 9,000 ഹെക്റ്റര്‍ സ്ഥലത്ത് സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഹെക്റ്ററിന് 1,500 രൂപ വീതം 135 ലക്ഷം രൂപ ധനസഹായം നല്‍കും.  പാടശേഖരാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഫാമിങ് നടത്തുന്ന കര്‍ഷകര്‍ക്ക് ഉല്‍പാദനോപാധികള്‍ക്കായിട്ടാണ് ധനസഹായം അനുവദിക്കുന്നത്. സവിശേഷ വിത്തിനങ്ങളുടെ പ്രോല്‍സാഹനത്തിനായി ഹെക്റ്ററിന് പതിനായിരം രൂപ തോതില്‍ ധനസഹായം അനുവദിക്കും. ഞവര നെല്‍കൃഷി അഞ്ച് ഹെക്റ്റര്‍, ഗന്ധകശാല-ജീരകശാല 600 ഹെക്റ്റര്‍ കൃഷി ചെയ്യുന്നതിനായി 60.50 ലക്ഷം രൂപയാണ് നല്‍കുന്നത്. പാടശേഖര സമിതികള്‍ക്ക് ഗ്രൂപ്പ് ഫാമിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓപറേഷനല്‍ സപോര്‍ട്ട് ആയി ഹെക്റ്ററിന് 360 രൂപ തോതില്‍ 4,233 ഹെക്റ്റര്‍ സ്ഥലത്തേക്ക് 15.24 ലക്ഷം രൂപ ധനസഹായം അനുവദിക്കും. 50 ഹെക്റ്റര്‍ സ്ഥലത്ത് കരനെല്‍കൃഷി വികസനത്തിനായി ഹെക്റ്ററിന് 13,600 രൂപ തോതില്‍ ഏഴുലക്ഷം രൂപ അനുവദിക്കും. തരിശുനില കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി 120 ഹെക്റ്റര്‍ സ്ഥലത്തേക്ക് ഹെക്റ്ററിന് 30,000 രൂപ തോതില്‍ 36 ലക്ഷം രൂപ അനുവദിക്കും. തരിശുനിലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ മുതലായവയ്ക്ക് ഹെക്റ്ററിന് 25,000 രൂപ വീതവും സ്ഥലമുടമയ്ക്ക് ഹെക്റ്ററിന് 5,000 രൂപയും അനുവദിക്കും. കഴിഞ്ഞ വര്‍ഷം തരിശുനിലകൃഷി ചെയ്ത 127 ഹെക്റ്റര്‍ സ്ഥലത്ത് ഈ വര്‍ഷം കൃഷിയിറക്കുന്നതിന് ഹെക്റ്ററിന് 7,000 രൂപ തോതില്‍ 8.89 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജലസേചനം ലഭ്യമായ ഒരുവിള മാത്രം കൃഷി ചെയ്തിരുന്ന 80 ഹെക്റ്റര്‍ സ്ഥലം രണ്ടാംവിള കൂടി കൃഷി ചെയ്യുന്നതിന് ഹെക്റ്ററിന് 10,000 രൂപ തോതില്‍ എട്ടുലക്ഷം രൂപ ധനസഹായം അനുവദിക്കും. നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി പദ്ധതിയടിസ്ഥാനത്തില്‍ നെല്‍കൃഷി ചെയ്യുന്നതിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ ജില്ലയിലെ 26 കൃഷിഭവനുകളിലൂടെ കര്‍ഷകരുടെ പങ്കാളിത്തതോടെ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വിവരങ്ങള്‍ക്കും ധനസഹായത്തിനുമായി കര്‍ഷകര്‍ പ്രദേശത്തെ കൃഷിഭവനുകളുമായി ബന്ധപ്പെടണം.
Next Story

RELATED STORIES

Share it