kasaragod local

നെല്‍കൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന് കരനെല്‍കൃഷിയും തരിശ് കൃഷിഭൂമി മാപ്പിങും നടത്തുന്നു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നെല്‍കൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന് ജൂണ്‍ ആദ്യവാരം മുതല്‍ പഞ്ചായത്ത് തലത്തില്‍ കൃഷി ഭവന്‍ മുഖേന കരനെല്‍ കൃഷി ചെയ്യുന്നതിനും പദ്ധതി നടപ്പിലാക്കും.
പദ്ധതിയുടെ ഭാഗമായി ഒരു ഹെക്ടര്‍ സ്ഥലത്ത് കര നെല്‍ കൃഷി ചെയ്യുന്നതിന് ഗുണഭോക്താവിന് 10,000 രൂപയുടെ സഹായം ബാങ്ക് അക്കൗണ്ട് വഴി നല്‍കും. കര്‍ഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് കര നെല്‍കൃഷി ചെയ്യുന്നതിന് സഹായധനം ലഭിക്കും. നെല്‍വിത്ത് മുതല്‍ വിളവെടുപ്പ് വരെയുള്ള ചെലവുകള്‍ക്കാണ് പത്തായിരം രൂപ കൃഷി വകുപ്പ് നല്‍കുന്നത്.
ഇതിന് പുറമെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയും അര്‍ഹമായ സഹായം കരനെല്‍ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് നല്‍കും. അത്യുല്‍പാദന ശേഷിയുള്ള നെല്‍വിത്തുകള്‍ ഉപയോഗിച്ച് പ്രാദേശികമായ ഭൂമിയുടെ സ്വഭാവത്തിന് അനുസരിച്ച് കൃഷി ചെയ്യുന്നതിന് കൃഷിഭവന്‍ സാങ്കേതിക സഹായം നല്‍കും. കര്‍ഷകരുടെ കൈവശമുള്ള വിത്ത് ഉപയോഗിച്ചും ആവശ്യമാണെങ്കില്‍ കൃഷി വകുപ്പ് സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എസ്ഡിഎ വഴിയും വിത്ത് ലഭ്യമാക്കും. ജില്ലയില്‍ 100 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് 2560 ഹെക്ടര്‍ സ്ഥലത്ത് 256 ലക്ഷം രൂപ ചെലവിലാണ് നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ തരിശ് നെല്‍വയല്‍ കണ്ടെത്തി മാപ്പിങ് നടത്തുന്നതിന്, ഒറ്റവിള നെല്‍ കൃഷി, ബഹുവിള കൃഷി ആക്കുന്നതിനും ആവശ്യമായ വിവര ശേഖരണവും കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ വഴി നടത്തും. പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണ്. തരിശ് ഭൂമി മാപ്പിങ്, തണ്ണീര്‍ത്തട ഡാറ്റാ പ്രസിദ്ധീകരണം നിലവിലുള്ള നെല്‍കൃഷി വിസ്തൃതിയുടെ മാപ്പിങ് പരിപാടിയുമായി വരുന്ന കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it