thrissur local

നെല്‍കൃഷിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സജീവമാവുന്നു



മാള: മാള മേഖലയില്‍ നെല്‍കൃഷി നടത്തുന്നതിന് ഇതര സംസ്ഥാന തൊഴിലാളികള്‍. മാള പളളിപ്പുറം പടിഞ്ഞാറന്‍മുറി സ്വദേശി ഡെന്നിയുടെ ഒന്നര ഏക്കര്‍ വയലിലാണ് ബംഗാളില്‍ നിന്നും എത്തിയ 14 പേര്‍ ഞാറ് നടാന്‍ എത്തിയത്. നെല്‍കൃഷികള്‍ ചെയ്തു വരുന്നതിന് നിലവില്‍ നാട്ടുകാരായ തൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പരിഹാരമായാണ് ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നത്. നാട്ടിലെ തൊഴിലാളികള്‍ക്ക് പാടത്ത് കഞ്ഞിയും പയറും എത്തിക്കുന്ന കാലം കഴിയുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഈ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉടമ കൊടുക്കേണ്ടി വരുന്നില്ല. ഉടമക്കും തൊഴിലാളികള്‍ക്കും ഒരു പോലെ ലാഭകരമാണീ ഏര്‍പ്പാട്. ഇതു കൊണ്ടുതന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കുകയാണ്. തൊഴിലാളി ക്ഷാമം നേരിടുന്നതിന്റെ പേരില്‍ ഇനി കൃഷി ഇനി നിറുത്തി വേക്കേണ്ടി വരികയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാര്‍ഷീക രംഗത്ത് യന്ത്രവല്‍ക്കരണം നടത്തിയിട്ടും പ്രതീക്ഷിത മുന്നേറ്റം ഈ രംഗത്ത് ഉണ്ടായിട്ടില്ല. കെട്ടിട നിര്‍മ്മാണ രംഗവും മറ്റും കൈപ്പിടിയിലൊതുക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ കാര്‍ഷിക രംഗവും കൈയ്യടക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആശങ്കയും ഒരുഭാഗത്ത് ഉയരുന്നുണ്ട്. ഇടനിലക്കാര്‍ക്ക് നിത്യേന കൈനിറയെ പണം ലഭ്യമാകുന്നെന്ന പ്രത്യേകതയും ഇതോടൊപ്പമുണ്ട്. പഴയ കൊയ്ത്ത് പാട്ടിന്റെ സ്ഥാനത്ത് ബംഗാളികളുടെ പോക്കറ്റുകളിലെ മൊബൈല്‍ ഫോണില്‍ നിന്നുയരുന്ന ഹിന്ദി പാട്ടാണ് പാടശേഖരങ്ങളില്‍ ഉയരുന്നത്. എന്തായാലും കാര്‍ഷിക മേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച മാളയില്‍ കൃഷി സജീവമാകുന്ന ശുഭകരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it