Flash News

നെല്ല് സംഭരണം : അടിയന്തര നടപടി ആവശ്യപ്പെട്ട് കൃഷി മന്ത്രിക്ക് കത്ത്



തിരുവനന്തപുരം: തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെയും ഓണാട്ടുകരയിലെയും ആലപ്പുഴ ജില്ലയിലെ മറ്റു പ്രദേശങ്ങളിലെയും നെല്‍സംഭരണം മുടക്കം കൂടാതെ നടത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന് കത്ത് നല്‍കി. കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. പക്ഷേ, നെല്ല് സംഭരണത്തിനു മതിയായ ക്രമീകരണങ്ങള്‍ ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. കൊയ്തു കഴിഞ്ഞാലുടന്‍ സംഭരണം നടത്തിയില്ലെങ്കില്‍ നെല്ല് മഴയില്‍ കുതിര്‍ന്ന് നശിച്ചുപോവും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നെല്ല് ഏറ്റെടുക്കാമെന്നു മില്ലുകള്‍ സമ്മതിച്ചിരുന്നെങ്കിലും ആറു മില്ലുകള്‍ മാത്രമേ അതിനു തയ്യാറായിട്ടുള്ളൂ. ഇതു തികച്ചും അപര്യാപ്തമാണ്. അരിയുടെ പരിശോധന സംബന്ധിച്ചു നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഉടനെ തര്‍ക്കം പരിഹരിച്ചു കൂടുതല്‍ മില്ലുകളില്‍ എത്തിച്ചു സംഭരണം ഊര്‍ജിതപ്പെടുത്തണം. ഇനി നെല്ല് സംഭരിക്കാതെ നശിച്ചുപോവുക കൂടി ചെയ്താല്‍ അതു വലിയ ദുരന്തമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it