palakkad local

നെല്ലു സംഭരണം: സപ്ലൈകോയുടെ ഒത്താശയോടെ വന്‍ അഴിമതിയെന്നാരോപണം

പാലക്കാട്: ജില്ലയിലെ രണ്ടാംവിള നെല്ലു സംഭരണം ഏകദേശം 80 ശതമാനം പൂര്‍ത്തിയായപ്പോള്‍ മില്ലുടമകളും ഏജന്റുമാരും സപ്ലൈകോയുടെ ഒത്താശയോടെ വന്‍ അഴിമതി നടത്തുന്നതായി ദേശീയ കര്‍ഷക സംരക്ഷണ സമിതി ആരോപിക്കുന്നു. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ യാതൊന്നും പാലിക്കാതെയാണ് മില്ലുടമകളും ഏജന്റുമാരും കര്‍ഷകരില്‍ നിന്ന് നെല്ലുസംഭരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ നടപ്പാക്കിയ ഏകീകൃത കയറ്റുകൂലിയേക്കാള്‍ രണ്ടിരട്ടിയാണ് ഏജന്റുമാര്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത്.
സപ്ലൈകോ പുറത്തിറക്കിയ സര്‍ക്കുലറിലെ ഒമ്പതാം നിയമ വ്യവസ്ഥയനുസരിച്ച് സപ്ലൈകോ നിര്‍ദ്ദേശിക്കുന്ന കര്‍ഷകന് ചാക്കു നല്‍കി, നെല്ലളന്ന് ലോറിയില്‍ കയറ്റി വേ ബ്രിഡ്ജില്‍ കൊണ്ടുപോയി തൂക്കം നോക്കുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കേണ്ടത് മില്ലുടമകളും ഏജന്റുമാരുമാണ്.
ഇതിന് സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് കൈകാര്യ ചെലവ് ഇനത്തില്‍ കിന്റലിന് 190 രൂപ നല്‍കുന്നുണ്ട്. എന്നാല്‍ ജില്ലയിലെ പലഭാഗങ്ങളിലും കൊയ്‌തെടുത്ത നെല്ല് അളന്ന് ലോറിയില്‍ കയറ്റുന്നതിനും ചാക്കിനുമായി കര്‍ഷകരില്‍ നിന്ന് അധിക രൂപ ഈടാക്കുന്നുണ്ട്. ഒരു ചാക്കിന് 20 മുതല്‍ 35 രൂപവരെ ഈടാക്കുന്നതായാണ് ലഭിക്കുന്ന വിവരം. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലുള്‍പ്പെട്ട വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മേലാര്‍കോട്, പ്രദേശങ്ങളിലും മരുതറോട് പഞ്ചായത്തിലും പട്ടാമ്പി ഒറ്റപ്പാലം പ്രദേശങ്ങളിലുമാണ് ഈ കര്‍ഷകദ്രോഹ നടപടി നിര്‍ബാധം തുടരുന്നത്. നിരവധി തവണ ജില്ലാ ലേബര്‍ ഓഫീസര്‍ക്കും സിവില്‍ സപ്ലൈസ് എം.ഡിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇല്ല. ജില്ലയില്‍ രണ്ടാംവിള നെല്ലുസംഭരണത്തിന് ആകെ 12 മില്ലുകാര്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതുകൂടാതെ കാലടിയില്‍ നിന്നുള്ള മില്ലുകാരും സംഭരണം നടത്തുന്നുണ്ട്.
സര്‍ക്കാരിന്റെ നിയമവ്യവസ്ഥ അംഗീകരിക്കാതെ നെല്ലുസംഭരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും അവരെ കരിമ്പട്ടികയില്‍ പെടുത്താനും ഉദ്യേഗസ്ഥര്‍ക്ക് അധികാരമുണ്ട്. കര്‍ഷകര്‍ക്ക് മില്ലുടമകള്‍ നെല്ലുനിറയ്ക്കുന്നതിന് ചണചാക്കുകള്‍ വിവതരണം ചെയ്യണമെന്നതാണ് വ്യവസ്ഥ എന്നിരിക്കെ ഓരേ ചാക്കുപയോഗിച്ച് മില്ലുടമകള്‍ ഏകദേശം 20 ലധികം കര്‍ഷകരില്‍ നിന്ന് നെല്ലുസംഭരിക്കുന്നതായാണ് അറിയുന്നത്. ഒരു ചണചാക്കിന് കൈകാര്യ ചെലവിനത്തില്‍ 37 രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ ഏജന്റുമാരും മില്ലുടമകളും വന്‍ അഴിമതിയാണ് നടത്തുന്നത്.
മില്ലുടമകള്‍ നെല്ല് ശേഖരിച്ചതിന്റെ 65 ശതമാനം സപ്ലൈകോയ്ക്ക് നല്‍കിയാല്‍ മതിയാകും. തവിട്, പൊടിയരി എന്നിവ സപ്ലൈകോ സ്വീകരിക്കുന്നതല്ല. ഇത്തരം ഇനങ്ങള്‍ പിപണിയില്‍ മറിച്ചുവില്‍ക്കുന്നതിലൂടെയും മില്ലുടമകള്‍ ലക്ഷങ്ങള്‍ സമ്പാധിക്കുന്നുണ്ട്. ഇതെല്ലാം സപ്ലൈകോയുടെ അറിവും സമ്മതതോടെയുമാണ് നടക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതിനെതിരെ ജില്ലയിലെ കര്‍ഷകര്‍ ദേശീയ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് രൂപംനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it