Kottayam Local

നെല്ലു സംഭരണം ഊര്‍ജിതമാക്കുക : സപ്ലൈകോ ഓഫിസിന് മുന്നില്‍ കര്‍ഷകരുടെ രാപ്പകല്‍ സമരം തുടങ്ങി



കോട്ടയം: സംയുക്ത കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം സപ്ലൈകോ ഓഫിസിനു മുന്നില്‍ രാപകല്‍ സമരം തുടങ്ങി. ആശാസ്ത്രീയമായ നെല്ലു സംഭരണ വ്യവസ്ഥകള്‍ പിന്‍വലിക്കുക, നെല്ലു സംഭരണം ഊര്‍ജിതമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിലവില്‍ 1000 നെല്‍മണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന സപ്ലൈകോയുടെ നിബന്ധന നെല്ലുസംഭരണത്തെ അവതാളത്തിലാക്കുകയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആശാസ്ത്രീയമാണ്. 1000 നെല്‍മണികള്‍ തൂക്കുമ്പോള്‍ 26 ഗ്രാം കിട്ടണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് സംഭരണത്തെ അനിശ്ചിതത്തിലാക്കും. കുട്ടനാട്ടിലും പാലക്കാട്ടും വിളയുന്ന നെല്ലിന് ഇതുലഭിക്കുമെങ്കിലും അപ്പര്‍ക്കുട്ടനാടന്‍ പാടങ്ങളില്‍ വിളയുന്ന നെല്ലിന് 26 ഗ്രാം തൂക്കം ലഭിക്കില്ല. ഇവിടുത്തെ നെല്ലിനു പരമാവധി 22 ഗ്രാം തൂക്കമാണു ലഭിക്കുന്നത്. കുറവു വരുന്ന ഓരോ പോയിന്റിനും നാലു കിലോയാണ് സപ്ലൈകോ കിഴിവ് നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു ക്വിന്റല്‍ നെല്ലിന് 16 കിലോ കിഴിവ് ഉണ്ടാവും. ഇതു സപ്ലൈകോ ഉദ്യോഗസ്ഥരും മില്ലുടമകളും കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഉണ്ടാക്കിയ ഉത്തരവാണെന്നു കര്‍ഷകര്‍ പറയുന്നു. രാപകല്‍ സമരം നഗരസഭാ കൗണ്‍സിലര്‍ സി എന്‍ സത്യനേശന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച സംസ്ഥാന ഭാരവാഹി സി ആര്‍ മുരളിധരന്‍ സംസാരിച്ചു. ഇന്നു രാവിലെ സമരം അവസാനിക്കും.
Next Story

RELATED STORIES

Share it