Kottayam Local

നെല്ലുസംഭരണം ഫലപ്രദമാവാന്‍ കര്‍ഷകരും മില്ലുടമകളും സഹകരിക്കണം: മന്ത്രി

കോട്ടയം: നെല്ലുസംഭരണം ഫലപ്രദമാകാന്‍ കര്‍ഷകരും മില്ലുടമകളും സഹകരിക്കണമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. നെല്ലുസംഭരണത്തില്‍ കൃഷിക്കാര്‍ക്കും മില്ലുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ നിലപാടാണ് സര്‍ക്കാരിന്റേത്.  ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന നെല്ലുസംഭരണവുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിക്കാര്‍ക്കും നെല്ലുടമകള്‍ക്കും അരി വാങ്ങുന്ന സാധാരണക്കാര്‍ക്കും ഒരിക്കലും തങ്ങളെ പറ്റിച്ചു എന്ന ആക്ഷേപത്തിനിടയാക്കുന്ന സാഹചര്യമുണ്ടാകരുത്. തര്‍ക്കമുണ്ടാകാതെ ഇത്തവണത്തെ നെല്ലു സംഭരണം ഫലപ്രദമായി നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണത്തിന്റെ ഭാഗമായി കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വകാര്യമില്ലുകള്‍ക്ക് നല്‍കി പൊതു വിതരണ കേന്ദ്രത്തിലൂടെ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. കരിവ്, ഈര്‍പ്പം, പതിര് ഇവയുടെ അളവ് കണക്കാക്കിയാണ് ഗുണനിലവാരം നിശ്ചയിക്കുന്നത്. ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധമുള്ള ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് സര്‍ക്കാരിന് സ്വീകാര്യമല്ല. മെച്ചപ്പെട്ട അരി ലഭ്യമാക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നല്ല അരി നല്‍കണമെങ്കില്‍ നല്ല നെല്ലു വേണമെന്ന നിലപാടാണ് മില്ലുടമകള്‍ക്കുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ മാനദണ്ഡങ്ങള്‍ തീരുമാനിച്ചത്. യോഗത്തിലെ നിലപാടുകള്‍ അംഗീകരിച്ചിട്ടും അത് പ്രയോഗത്തില്‍ വന്നപ്പോള്‍ കര്‍ഷകരുടെ ഭാഗത്തു നിന്നും വ്യത്യസ്ത നിലപാടുണ്ടായി. 1000 നെന്‍മണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന മാനദണ്ഡത്തില്‍ കൃഷി ഓഫിസര്‍, പാഡി ഓഫിസര്‍, ജനപ്രതിനിധികള്‍, മില്ലുടമകളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഒരു ഒത്തുതീര്‍പ്പിലെത്തി നെല്ലുസംഭരണത്തിന് തയ്യാറാകണം. യാഥാര്‍ത്ഥ്യബോധത്തോടു കൂടിയ തീരുമാനം വേണം. എന്നാല്‍ മാത്രമേ ഇത്തവണത്തെ നെല്ലുസംഭരണം കുറ്റമറ്റ രീതിയില്‍ സാധ്യമാകൂ. കറുത്ത നെല്ല് ഇവിടുത്തെ മണ്ണിന്റെ പ്രത്യേകതയാണ്. ഇതുമൂലം നെല്ല് എടുക്കുമ്പോള്‍ അളവുവ്യത്യാസം വന്നാല്‍ അക്കാര്യത്തില്‍ കൃഷിക്കാര്‍ക്ക് നഷ്ടമുണ്ടാകാത്തവിധം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു പ്രോജക്ട് ആയി തയ്യാറാക്കി കൃഷിമന്ത്രിക്ക് നല്‍കണം. കൃഷിക്കാര്‍ക്ക് നഷ്ടമുണ്ടാകാത്തവിധം പ്രശ്‌നപരിഹാരമുണ്ടാക്കും.
സി കെ ആശ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘം പ്രതിനിധികള്‍, മില്ലുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it