നെല്ലുസംഭരണം ഇന്ന് ആരംഭിക്കുമെന്ന് മില്ലുടമകള്‍ ഉറപ്പുനല്‍കി

തിരുവനന്തപുരം: അനിശ്ചിതത്വത്തിലായിരുന്ന നെല്ല് സംഭരണം ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മില്ലുടമകള്‍ ഉറപ്പു നല്‍കി. പ്രളയത്തിനുശേഷം നെല്ലുസംഭരണത്തിന് പല മേഖലകളിലും തടസ്സങ്ങള്‍ നേരിട്ടിരുന്നു.അതില്‍ പാലക്കാട് നിന്നു മാത്രമാണ് നിലവില്‍ സംഭരിക്കാന്‍ ധാരണയായിട്ടുള്ളത്.
സംഭരിക്കുന്ന നെല്ലിന്റെ പ്രോസസിങ് ചാര്‍ജ്, ടേണ്‍ ഔട്ട് റേഷ്യോ എന്നിവ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ 21ന് ആരംഭിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്ന സംഭരണത്തില്‍ നിന്നു മില്ലുടമകള്‍ മാറിനില്‍ക്കുകയായിരുന്നു. 20,000 ടണ്‍ നെല്ലാണ് ഇതേത്തുടര്‍ന്ന് പാലക്കാട്ട് കെട്ടിക്കിടക്കുന്നത്. നിലവില്‍ ക്വിന്റലിന് 214 രൂപയാണ് പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ മില്ലുടമകള്‍ക്കു നല്‍കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 148 രൂപയായിരുന്നു. അതുപോലെ ടേണ്‍ഔട്ട് റേഷ്യോ 100 ക്വിന്റല്‍ നെല്ലിന് 68 കിലോ അരി എന്ന കണക്കിനാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നതെങ്കിലും മില്ലുടമകളുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ച് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതിനെക്കുറിച്ച് നടത്തിയ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയത് 64.5 കിലോ ആക്കി തത്ത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു.
67 കോടി രൂപ സര്‍ക്കാരിന് ഈ ഇനത്തില്‍ അധികബാധ്യതയാണുണ്ടായിട്ടുള്ളതെന്നും കൃഷിമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ മന്ത്രിമാരായ പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിന്‍ഹ പങ്കെടുത്തു.

Next Story

RELATED STORIES

Share it