palakkad local

നെല്ലിയാമ്പതി-പൊള്ളാച്ചി റൂട്ടില്‍ ബസ് സര്‍വീസ് നിലച്ചിട്ട് രണ്ടു വര്‍ഷം

നെന്മാറ: പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് നേരിട്ടുള്ള സ്വകാര്യ ബസ് സര്‍വീസ് നിലച്ചിട്ട് രണ്ടുവര്‍ഷമായി. പൊള്ളാച്ചിയില്‍ നിന്നും കൊല്ലങ്കോട്, നെന്മാറ വഴി നെല്ലിയാമ്പതിയിലേക്കുള്ള സ്വകാര്യ ബസിന്റെ സര്‍വീസാണ് നഷ്ടം കാരണം 2മുമ്പ് നിര്‍ത്തിവച്ചത്. രാവിലെ 7.30ന് നെല്ലിയാമ്പതിയില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.30ന് നെന്മാറയില്‍ നിന്നും പുറപ്പെട്ടിരുന്ന ബസ്സാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ത്.
ബസ്സിന്റെ അഭാവം കാരണം നൂറുക്കണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇതുകാരണം ഇപ്പോള്‍ ഈ സമയത്തിനും ഒരു മണിക്കൂര്‍ മുമ്പേയുള്ള മറ്റു ബസ്സുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
നെന്മാറയില്‍ നിന്നു വൈകീട്ട് 5.30നാണ് നിലവില്‍ നെല്ലിയാമ്പതിയിലേക്ക് ബസ്സുള്ളത്. ഈ ബസ്സിനു ആശ്രയിക്കുന്നവര്‍ നെല്ലിയാമ്പതിയിലെത്തുമ്പോള്‍ രാത്രി 7 മണിയാവും. നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങളില്‍ കോട മഞ്ഞും വന്യമൃഗങ്ങളിറങ്ങുന്നതും പതിവായതിനാല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ ജീവന്‍ കൈയ്യില്‍ പിടിച്ചാണ് വീടുകളിലെത്തുന്നത്.
നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങളിലുള്ള രക്ഷിതാക്കള്‍ കുട്ടികളടക്കമുള്ളവര്‍ വീടുകളിലെത്തുന്നത് നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. ബസ് സര്‍വീസ് നിലച്ചതോടെ നെല്ലിയാമ്പതി, സീതാര്‍കുണ്ട്, ഗ്രീന്‍ലാന്‍ഡ്, കൊട്ടയങ്ങാടി, മുന്നുംപാറ, ആനമട, മീരാഫ്‌ളോര്‍, രാജക്കാട്, സൂരിപ്പാറ, ഓറിയന്റര്‍, പകുതിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടം തൊഴിലാളികള്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
നെല്ലിയാമ്പതി -പൊള്ളാച്ചി റൂട്ടില്‍ യാത്രക്കാര്‍ കുറഞ്ഞിനാല്‍ വരുമാനം കുറഞ്ഞതാണ് ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് ബസ്സുടയുടെ വാദം. എന്നാല്‍ സ്വകാര്യ ബസ് സര്‍വീസ് നിലച്ചതോടെ ദുരിതത്തിലായ യാത്രക്കാര്‍ ബദല്‍ സംവിധാനമെന്ന നിലക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കുന്നതിനായി റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ സമീപിച്ചിരിക്കുകയാണ്. പൊള്ളാച്ചി, ആനമല ഭാഗത്തുനിന്ന് നിരവധി പേര്‍ നെല്ലിയാമ്പതി കാണാന്‍ ആശ്രയിച്ചിരുന്ന ബസ് നിലച്ചതോടെ ഇവര്‍ക്ക് ബസ്സുകള്‍ മാറികയറി വേണം നെല്ലിയാമ്പതിയിലെത്താന്‍.
പൊള്ളാച്ചിയില്‍ നിന്നു നെന്മാറയിലേക്ക് കൊല്ലങ്കോട് വഴി സ്വകാര്യ ബസ്സുകള്‍ ഉണ്ടെങ്കിലും നേരിട്ട് നെല്ലിയാമ്പതിയിലേക്ക് ഇല്ലാത്തത് പലരെയും വെട്ടിലാക്കിയിരിക്കുകയാണ്. നെല്ലിയാമ്പതിയിലേക്കുള്ള വിനോദ സഞ്ചാരികള്‍ മാത്രമല്ല നെല്ലിയാമ്പതി മേഖലയില്‍ നിന്ന് തൊഴില്‍പരമായും വിദ്യാലയങ്ങളിലേക്കും പോകുന്ന നൂറുക്കണക്കിനാളുകളാണ് ഒരു സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി വെച്ചത് കാരണം യാത്ര തടസ്സമായിരിക്കുന്നത്.
Next Story

RELATED STORIES

Share it