palakkad local

നെല്ലിയാമ്പതിയില്‍ വനംവകുപ്പിന്റെ പുതിയ കെട്ടിടത്തിനായി വ്യാപക മരംമുറി

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: നെല്ലിയാമ്പതി കൈകാട്ടിയില്‍ വനം വകുപ്പ് അധികൃതര്‍ നിലവില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപം വനം വകുപ്പിന്റെ പുതിയ സ്റ്റേഷന് വന്‍ കെട്ടിടം നിര്‍മിക്കുന്നതിനു വേണ്ടി കാട്ടിലെ വന്‍മരങ്ങള്‍ മുറിക്കുന്നു.
വനമേഖലയിലെ യൂക്കാലിപ്‌സ് ഉള്‍പ്പെടെ കൂറ്റന്‍ മരങ്ങള്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് വേരോടെ കടപുഴക്കി നീക്കം ചെയ്തും കുന്നിന്‍ ചരിവുകള്‍ ഇടിച്ച് നിരത്തിയുമാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഈ സ്ഥലത്ത് രണ്ട് ഭാഗങ്ങളിലാണ് വന്‍ കെട്ടിടങ്ങള്‍ക്കായി നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. വനത്തില്‍ കയറാനോ വിറക് പെറുക്കാനൊ ആരേയും അനുവദിക്കാത്തവര്‍ തന്നെ വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനെതിരേ ഇതുവരെ പരിസ്ഥിതി പ്രവര്‍ത്തകരാരും തന്നെ രംഗത്തുവന്നിട്ടില്ലെന്നതാണ് വൈചിത്ര്യം. എന്നാല്‍ നെല്ലിയാമ്പതിയിലെ കുന്നുകളും പച്ചപ്പും ഇടിച്ചുനിരത്തുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിരിക്കയാണ്.
നെല്ലിയാമ്പതിയിലെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ താമസിക്കുന്ന വീടുകളുടെ കേടുപാടുകള്‍ നന്നാക്കുന്നതിനോ പുനസ്ഥാപിക്കുന്നതിനോ വേണ്ടി നിര്‍മാണം ആരംഭിച്ചാല്‍ ഓടിയെത്തി മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തടയുന്ന വനം വകുപ്പ് അധികൃതര്‍ നിയമത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വനം വകുപ്പ് ആവശ്യത്തിനായി നെല്ലിയാമ്പതി കാടുകള്‍, വന്‍മരങ്ങള്‍ തുടങ്ങിയവ കടപുഴക്കി കെട്ടിട നിര്‍മാണം നടത്തുന്നത് ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്ന് ജെഡിയു നെല്ലിയാമ്പതി പഞ്ചായത്ത് സെക്രട്ടറി വിഎസ് പ്രസാദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it