palakkad local

നെല്ലായ-കുലുക്കല്ലൂര്‍ കുടിവെള്ള പദ്ധതി ചെര്‍പ്പുളശ്ശേരിയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു

ചെര്‍പ്പുളശ്ശേരി: നെല്ലായ-കുലുക്കല്ലൂര്‍ ത്വരിത കുടിവെള്ള പദ്ധതി ചെര്‍പ്പുളശ്ശേരി നഗരസഭയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഭരണപക്ഷ അംഗമായ പി പി വിനോദ് കുമാര്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.
നെല്ലായ, കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായാണ് നെല്ലായ-കുലുക്കല്ലൂര്‍ ത്വരിത കുടിവെള്ള പദ്ധതി നടപ്പാക്കിയത്. പ്രവൃത്തികള്‍ പൂര്‍ത്തിയായ പദ്ധതി കമ്മീഷന്‍ ചെയ്തിട്ടില്ലെങ്കിലും വീടുകളിലേക്ക് കണക്ഷന്‍ നല്‍കി ജല വിതരണം ആരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ വിതരണ പൈപ്പ് ലൈന്‍ ചെര്‍പ്പുളശ്ശേരി നഗരസഭയിലെ ജല അതോറിറ്റി ലൈനുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്നാണ് അഭിപ്രായമുയര്‍ന്നിരിക്കുന്നത്.
നിലവില്‍ തൂതപ്പുഴയിലെ കാളിക്കടവിലെ ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ചാണ് നഗരസഭയിലെ കുടിവെള്ള വിതരണം നടക്കുന്നത്. അടിക്കടിയള്ള മോട്ടോര്‍ തകരാര്‍, കാലഹരണപ്പെട്ട പൈപ്പുകള്‍ കാരണം പദ്ധതിയുടെ പ്രയോജനം പൂര്‍ണമായും ഇന്നു കിട്ടുന്നില്ല. വേനലില്‍ പുഴയിലെ ജലനിരപ്പ് കുറയുന്നതും പദ്ധതിക്ക് തിരിച്ചടിയാകുന്നു. പുതിയ പദ്ധതി നടപ്പാക്കുന്നതിന് ഏറെ കാലം എടുക്കുമെന്നതിനാല്‍ നെല്ലായ-കുലുക്കല്ലൂര്‍ ത്വരിത കുടിവെള്ള പദ്ധതി ചെര്‍പുളശ്ശേരിയിലെ നിലവിലെ കുടിവെള്ള പദ്ധതിയുമായി കൂട്ടിയോജിപ്പിച്ചാല്‍ ഏറെ ഗുണകരമാവും. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തലത്തിലും, പഞ്ചായത്ത് ഭരണസമിതികളുമായും  ചര്‍ച്ചകള്‍ ആവശ്യമാണ്.
Next Story

RELATED STORIES

Share it