നെല്ലായയിലെ സിപിഎം-ബിജെപി സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം

പാലക്കാട്: പാലക്കാട് നെല്ലായയില്‍ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസമുണ്ടായ നെല്ലായയിലെ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഘര്‍ഷം. റിപോര്‍ട്ടര്‍ ചാനല്‍, ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍മാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
പ്രദേശിക ചാനലിന്റെ കാമറയും എറിഞ്ഞുതകര്‍ത്തു. സംഭവത്തില്‍ റിപോര്‍ട്ടര്‍ ടിവി പാലക്കാട് റിപോര്‍ട്ടര്‍ ശ്രീജിത്തിനും ഏഷ്യാനെറ്റ് റിപോര്‍ട്ടര്‍ ശ്യാമിനും പരിക്കേറ്റു. നെല്ലായയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവര്‍ത്തകരെ പോലിസ് ഇന്നലെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലിസ് ഉദ്യോഗസ്ഥരെ ശകാരിച്ച സംഭവത്തില്‍ പൊതുജനങ്ങള്‍ക്ക് തെറ്റായി തോന്നുന്നുണ്ടെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതയി പി കെ ശശി എംഎല്‍എ പറഞ്ഞു. നെറികേട് എന്ന് അര്‍ഥം വരുന്ന വാക്കാണ് താന്‍ പ്രയോഗിച്ചത്. അത് അപക്വമാണെന്നു തോന്നുന്നില്ല. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍ അതില്‍ ഖേദിക്കുന്നു. അക്രമങ്ങളെ അപലപിച്ച് താന്‍ പറഞ്ഞത് അടര്‍ത്തിമാറ്റി മോശക്കാരനാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയായിരുന്നുവെന്നും പി കെ ശശി പറഞ്ഞു.
അതേസമയം, എംഎല്‍എമാരും മന്ത്രിമാരും മാത്രമല്ല എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വിനയത്തോടെ പെരുമാറണമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ പരസ്യശാസന യെക്കുറിച്ച് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കക്കുകയായിരുന്നു അദ്ദേഹം.

കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒറ്റപ്പാലം കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസിന് നിര്‍ദേശം നല്‍കി. മാധ്യമസ്വാതന്ത്ര്യത്തെ പരിരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആ സ്വാതന്ത്ര്യം ഹനിക്കാനുളള നീക്കം ആരില്‍നിന്നുണ്ടായാലും അതിനെ കര്‍ശനമായി നേരിടും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it