നെറ്റ് ബാങ്കിങ് വഴി പണം തട്ടിയ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: നെറ്റ് ബാങ്കിങ് മുഖേന 6.26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ടു പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. നെറ്റ് ബാങ്കിങിലൂടെ വിദേശ മലയാളിയുടെ പണം തട്ടിയെടുത്ത അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് നടക്കാവ് പോലിസിന്റെ പിടിയിലായത്. ഹുഗ്ലി ബന്‍സ്‌ബെരിയ ഗണേശ് ജൂക്ക്ചാല്‍ കോളനി സ്വദേശി ആനന്ദ് പാണ്ഡേ (24), ബെന്‍സ്ബരിയ ഷിബുപൂര്‍ ബൈലെയ്‌നിലെ മുകേഷ് ഗുപ്ത (24) എന്നിവരാണ് അറസ്റ്റിലായത്.
അഡീഷനല്‍ എസ്‌ഐ എം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊല്‍ക്കത്തയിലെ ഹുഗ്ലിയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കാരപ്പറമ്പ് സ്വദേശി പാലത്തില്‍ ഗോപിനാഥന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് സംഘം പണം തട്ടിയത്. ഇദ്ദേഹത്തിന്റെ ഇ- മെയില്‍ ഐഡി ഹാക്ക് ചെയ്ത് രണ്ട് ബെനിഫിഷറി അക്കൗണ്ട് നിര്‍മിക്കുകയും ഇതില്‍നിന്ന് പ്രതികളില്‍ മൂന്നുപേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനാണ് നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ പണം മാറ്റിയത്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ജൂലൈ 20നാണ് ഗോപിനാഥന്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം ഫെബ്രുവരിയില്‍ നടക്കാവ് പോലിസില്‍ പരാതി നല്‍കി.
2015 ജൂലൈ എട്ടിന് ഗോപിനാഥന്റെ ഇ- മെയില്‍ ഐഡി ഉപയോഗിച്ച് ഹുഗ്ലിയില്‍ രണ്ടുപേരുടെ വിലാസത്തില്‍ ബെനിഫിഷറി അക്കൗണ്ട് തുറന്നതായി കണ്ടെത്തി. അന്നുതന്നെ ആനന്ദ് പാണ്ഡേയുടെ അക്കൗണ്ടിലേക്ക് 1.49 ലക്ഷവും മുകേഷ് ഗുപ്തയുടെ അക്കൗണ്ടിലേക്ക് 1.27 ലക്ഷവും മാറ്റിയതായും അതേദിവസം പണം പിന്‍വലിച്ചതായും കണ്ടെത്തി. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഒരാഴ്ചയോളം ഹുഗ്ലിയില്‍ തങ്ങിയാണ് പ്രതികളെ കണ്ടെത്തിയത്. ഗോപിനാഥന്‍ ഓംബുഡ്‌സ്മാനും പരാതി നല്‍കിയിരുന്നു. പശ്ചിമബംഗാളിലെ ഐസിഐസിഐ ബാന്‍സ് ബേരിയ ശാഖയിലെ അക്കൗണ്ടിലൂടെയാണ് ഇവര്‍ പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സൈബര്‍ സെല്ലിന്റെയും മോഗ്ര പോലിസിന്റെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്തെ കുറ്റവാളികളില്‍ കൂടുതല്‍ പേരും താമസിക്കുന്ന ജൂട്ട് മില്‍ കോളനിയിലാണ് ബാന്‍സ് ബേരിയ ബാങ്ക് ശാഖ സ്ഥിതിചെയ്യുന്നത്. ഈ കോളനിയില്‍ നിന്ന് അഞ്ച് പേരെ കാണാതായതായി അന്വേഷണത്തിനിടയില്‍ മോഗ്ര പോലിസ് കേരള പോലിസിനെ അറിയിച്ചിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുളള കുറ്റവാളികള്‍ എത്തുന്ന ഇവിടെ മിനി ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്. മുഖ്യപ്രതികളെ പിടികൂടിയാല്‍ മാത്രമേ സംഭവത്തെപ്പറ്റി കൂടുതല്‍ അറിയാനാവൂയെന്ന് പോലിസ് പറഞ്ഞു.
ബെനിഫിഷറി അക്കൗണ്ട് തുറന്ന രണ്ടുപേരെയും തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ഹുഗ്ലി സ്വദേശി ആലമിനെയും ഇനി പിടികിട്ടാനുണ്ട്. പ്രതികളെ മെയ് 26ന് ഹൂഗ്ലി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടക്കാവ് സിഐ മൂസ വളളിക്കാടന്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. എഎസ്‌ഐ എ ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബി പ്രകാശന്‍, നോര്‍ത്ത് ഷാഡോ പോലിസിലെ മുഹമ്മദ് ഷബീര്‍, രണ്‍ധീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it