Editorial

നെറ്റ് കുത്തകകള്‍ക്ക്  തിരിച്ചടി

ജനാധിപത്യ സമൂഹത്തില്‍ സാധാരണ ജനങ്ങള്‍ക്ക് സ്വതന്ത്രമായി വിവരങ്ങള്‍ ശേഖരിക്കാനും നിലപാടുകള്‍ വെളിപ്പെടുത്താനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇന്റര്‍നെറ്റ്. പട്ടാളഭരണമോ സമഗ്രാധിപത്യമോ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ സ്ഥിതി ഏറെ വ്യത്യസ്തമാണ്. ചൈനപോലുള്ള രാജ്യങ്ങളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമാണ് എന്ന കാര്യം ഓര്‍മിക്കുക.
ഇന്റര്‍നെറ്റിനെ ഏറ്റവും സ്വതന്ത്രമായ ആശയവിനിമയോപാധിയാക്കുന്നത് അതിന്റെ വ്യാപകത്വമാണ്. ലോകത്ത് ഏതാണ്ട് 350 കോടി ജനങ്ങള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റ് ലഭ്യമായിട്ടുണ്ട് എന്നതില്‍നിന്നു തന്നെ അതിന്റെ വ്യാപകമായ സാന്നിധ്യം വ്യക്തമാണ്. ഏതാണ്ട് 100 കോടിയിലധികം വെബ് സൈറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അതായത് ഇന്റര്‍നെറ്റ് ലഭ്യമായവരില്‍ മൂന്നിലൊന്നുപേരെങ്കിലും അതില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനു പുറമെ അതിലേക്ക് സ്വന്തം സംഭാവനകള്‍ നല്‍കുന്നവരുമാണ്. നൂറു കോടിയിലേറെ വരിക്കാരുള്ള ഫേസ്ബുക്ക് മുതല്‍ ഏതാനും ആളുകള്‍ മാത്രം വായിക്കുന്ന വ്യക്തിഗത ബ്ലോഗുകള്‍ വരെ ഒരേപോലെ ആര്‍ക്കും എളുപ്പത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാവുന്നു എന്നതാണ് അതിനെ ലോകത്തെ ഏറ്റവും ജനാധിപത്യപരമായ ആശയവിനിമയ മേഖലയാക്കി നിലനിര്‍ത്തുന്നത്.
ആ അവസ്ഥ അട്ടിമറിച്ച് നെറ്റ് ലോകത്തെ കുത്തകകള്‍ക്ക് സ്വന്തമായൊരു സാമ്രാജ്യം സ്ഥാപിച്ച് തങ്ങളുടെ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഈയിടെ ഫേസ്ബുക്ക് എന്ന വന്‍ കുത്തകയുടെ നേതൃത്വത്തില്‍ ഫ്രീ ബേസിക്‌സ് മുന്നേറ്റത്തില്‍ നടന്നത്. ഫേസ്ബുക്കും അവര്‍ തിരഞ്ഞെടുക്കുന്ന മറ്റു കുറേ മാധ്യമങ്ങളും സൈറ്റുകളും മാത്രം നെറ്റ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന പരിപാടിയാണിത്. ലോകത്ത് നെറ്റ് ലഭ്യമല്ലാത്തവര്‍ക്ക് അതു സൗജന്യമായി ലഭ്യമാക്കാനുള്ള ഒരു മഹായജ്ഞം എന്ന മട്ടിലാണ് ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗും കൂട്ടരും അതിനെ ചിത്രീകരിച്ചത്. എന്നാല്‍, വാസ്തവത്തില്‍ ഇന്റര്‍നെറ്റിനെ വരേണ്യരും അല്ലാത്തവരും എന്ന രണ്ടു തട്ടായി തിരിച്ച് വരേണ്യര്‍ക്കു മാത്രമായി അത് സംവരണം ചെയ്യുക എന്ന അജണ്ടയായിരുന്നു അതിനു പിന്നില്‍.
ഇത് അംഗീകരിക്കാനാവില്ല എന്നാണ് ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി കഴിഞ്ഞ ദിവസം നല്‍കിയ ഉത്തരവിലൂടെ വ്യക്തമാക്കിയത്. ഭാവിയില്‍ ഇന്റര്‍നെറ്റ് കുത്തകകള്‍ക്കുവേണ്ടി സംവരണം ചെയ്യപ്പെടുന്ന അവസ്ഥ ഭയാനകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നെറ്റ് നിഷ്പക്ഷത എന്ന തത്വത്തില്‍ ട്രായ് ഉറച്ചുനിന്നത്. തീര്‍ത്തും സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യം പോലെ പ്രധാനമാണ് വിവരസാങ്കേതിക മേഖലയിലെ ജനാധിപത്യ താളുകള്‍ മുറുകെപ്പിടിക്കുക എന്നതും. ഫേസ്ബുക്ക് മേധാവികള്‍ ട്രായ് തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തില്‍ അവര്‍ സമ്മര്‍ദ്ദം പ്രയോഗിക്കുന്നുമുണ്ടാവും. എന്നിരുന്നാലും ഇന്ത്യയുടെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ശക്തമായ തിരുമാനമാണ് ട്രായ് ഉത്തരവിലൂടെ വന്നിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
Next Story

RELATED STORIES

Share it