thiruvananthapuram local

നെയ്യാറ്റിന്‍കര താലൂക്കിലെ ജനജീവിതം ദുസ്സഹമായി

തിരുവനന്തപുരം: കഴിഞ്ഞ നാലുദിവസമായി തുടരുന്ന മഴയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ ജനജീവിതം ദുസ്സഹമായി. നെല്‍വയലേലകള്‍ പാട്ടത്തിനെടുത്തും കടം വാങ്ങിയും കൃഷി ചെയ്ത കര്‍ഷകരാണ് ദുരിതത്തിലായത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത കുലച്ച വാഴകളാണ് നശിച്ചത്. നെയ്യാറില്‍ നിന്നു ഏതാണ്ട് 500 മീറ്റര്‍ ഉള്ളിലേക്ക് മഴവെള്ളം കയറി ഇരുകരകളിലെയും കൃഷി പൂര്‍ണമായും നശിച്ചു.
ഇവിടെയൊന്നും കൃഷി വകുപ്പ് ഉ—ദ്യോഗസ്ഥരെത്തി നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി നല്‍കിയ വാഗ്ദാനവും കൃഷിഭവന്‍ വഴി ഉറപ്പാക്കിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണയും കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. കൃഷി നശിച്ചവര്‍ക്ക് പ്രത്യേക ദുരിതാശ്വാസം അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. മഴകാരണം ജോലി നഷ്ടമായതോടെ കൂലിപ്പണിക്കാരുടെ കുടുംബങ്ങളും പട്ടിണിയിലായി.
ഇവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കൃഷി നശിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നെയ്യാറ്റിന്‍കര തഹസില്‍ദാരും കെ ആന്‍സലന്‍ എംഎല്‍എയും നാശനഷ്ടക്കണക്കുകള്‍ വിലയിരുത്തിയിട്ടുണ്ട്.
മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ലൈനുകള്‍ കേടായതിനാല്‍ മിക്ക സ്ഥലത്തും വൈദ്യുതി വിതരണം പുനസ്ഥാപിക്കാനായില്ല. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍ ഇന്നോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറയുന്നു. പൊഴിയൂരില്‍ മുന്നൂറോളം ബോട്ടുകളാണ് കടലെടുത്തത്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിഅമ്മയുമായി ഇതു സംബന്ധിച്ച് സംസാരിച്ചതായി കെ. ആന്‍സലന്‍ എംഎല്‍എ പറഞ്ഞു.
കടല്‍ക്ഷോഭം കാരണം മത്സ്യത്തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാനായി രണ്ട് ദുരിതാശ്വാസക്യാംപുകള്‍ തുറന്നിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തുമെന്ന് എംഎല്‍എ പറഞ്ഞു. പൊഴിയൂര്‍ പരുത്തിയൂര്‍ പ്രദേശത്ത് കടലില്‍ പോയി കാണാതായ 8 പേരെയും അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കുളത്തൂര്‍ തീരത്ത് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി എത്തിച്ചു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Next Story

RELATED STORIES

Share it