thiruvananthapuram local

നെയ്യാറില്‍ നിന്നുള്ള കുടിവെള്ള വിതരണം പ്രഹസനമാവുമെന്ന് ആശങ്ക



കാട്ടാക്കട: നഗരത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി ജനങ്ങളുടെ കാനില്‍ പൊടിയിടാന്‍ എന്ന് ആക്ഷേപം. നഗരത്തിലെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി രണ്ടുമാസം മുമ്പാണ്  നെയ്യാറില്‍ നിന്നും ജലം ശേഖരിക്കുന്നതിന് വേണ്ടി പദ്ധതിയുടെ സാധ്യത പഠനത്തിനായി വിദഗ്ധ സംഘം നെയ്യാര്‍ഡാം കാപ്പുകാട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ശേഷം റിപ്പോര്‍ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തിര പ്രാധാന്യം നല്‍കി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരും വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലരുടെയും ആലംഭാവമാണ് പദ്ധതി നടത്തിപ്പിന് തടസ്സമായി നിന്നത്. ഇതിനു നല്‍കിയ വിശദീകരണമാകട്ടെ മഴവരും എല്ലാം ശരിയാകും എന്ന പറച്ചിലായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളം ലഭ്യമാക്കാന്‍ മറ്റു വഴികള്‍ ഇല്ല എന്ന അവസ്ഥയിലാണ്  മൂന്നു ദിവസം മുമ്പ് മന്ത്രി മാത്യു ടി തോമസ് നേരിട്ടെത്തി നെയ്യാര്‍ഡാം കാപ്പുകാട്, കുമ്പിള്‍ മൂട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വാട്ടര്‍ അതോറിറ്റിയിലെ മേലുദ്യോഗസ്ഥരും മന്ത്രിക്കൊപ്പം എത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും സ്ഥല സന്ദര്‍ശന ശേഷം അടിയന്തിര റിപ്പോര്‍ട്ട് നല്‍കണം എന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്തു. ശേഷം അതനുസരിച്ചു മന്ത്രി സഭ തീരുമാനം കൈകൊണ്ടു മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നെയ്യാറില്‍ നിന്നും അരുവിക്കരയില്‍ ജലം എത്തിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലൂടെ മെയ് 22 വരെ നല്‍കാനുള്ള ജലമേ പേപ്പാറയില്‍ നിന്നും നഗരത്തില്‍ കുടിവെള്ളം ലഭിക്കുകയുള്ളു. എന്നാല്‍ കൃത്യമായി പദ്ധതി ആസൂത്രണം ചെയ്താല്‍ പോലും ഒരു മാസംകൊണ്ടു കാപ്പുകാട് നിന്നും ജലം പമ്പ് ചെയ്തു പൈപ്പുകളിലൂടെ പദ്ധതി പ്രദേശത്തു കൂടെ കടന്നു പോകുന്ന തോട്ടില്‍ എത്തിച്ചു കുമ്പിള്‍മൂട് വഴി അണിയിലക്കടവിലും തുടര്‍ന്ന് അരുവിക്കരയിലും എത്തിക്കുക എന്നത് സാധ്യമല്ല. ടെണ്ടര്‍ നടപടികളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാസങ്ങള്‍ എടുക്കും. അടിയന്തിര പ്രാധാന്യം കണക്കിലെടുത്തു തുക അനുവദിച്ചു നിര്‍മാണ പ്രവര്‍ത്തനത്തിലേക്ക് കടന്നാലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരണം പ്രയാസകരമാണ്. സാധ്യത പരിശോധന കണക്കിലെടുത്താല്‍ പദ്ധതി നടപ്പില്‍ വരാന്‍ കുറഞ്ഞത് ആറുമാസം എങ്കിലും എടുക്കും എന്നതാണ് കണക്കുകൂട്ടല്‍. നാലു പതിറ്റാണ്ടു മുമ്പ് കുടിവെള്ള പദ്ധതിക്കായി എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ കൂറ്റന്‍ പൈപ്പുകള്‍ പ്രദേശത്താകെ കിടക്കുന്നതു പുനരുജ്ജീവിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രയോജനപ്പെടുത്താനാകുമായിരുന്നു എന്നാല്‍ കാലപഴക്കത്തില്‍ ഇവ നശിച്ച അവസ്ഥയാണ്. പുതിയ പൈപ്പുകള്‍ എത്തിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോഴേക്കും നെയ്യാറില്‍ ജലം കിട്ടാക്കനിയാവുന്ന സാഹചര്യവും ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വന്നുചേരും. കാളിപ്പാറ ഉള്‍പ്പടെ നിരവധി കുടിവെള്ള പദ്ധതികള്‍ ആശ്രയിക്കുന്നത് നെയ്യാറിലെ ജലമാണ്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമാണ്. നെയ്യാറിലെ ജലം ഇവിടുത്തെ ആവശ്യത്തിന് തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Next Story

RELATED STORIES

Share it