thiruvananthapuram local

നെയ്യാറില്‍നിന്ന് ജലം: ജലവിഭവ മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി



നെയ്യാറ്റിന്‍കര: കാപ്പുകാട് റിസര്‍വോയറില്‍ നിന്ന് അരുവിക്കര ഡാമിലേക്ക് ജലമെത്തിക്കുന്നതിനുള്ള ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്. അവസാനഘട്ടമായി ഗുജറാത്തില്‍ നിന്നെത്തിച്ച രണ്ട് പമ്പുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മാണ പുരോഗതി ജലവിഭവമന്ത്രി കാപ്പുകാടെത്തി വിലയിരുത്തി. ജലവിഭവ വകുപ്പിന്റെ  ഡ്രഡ്ജര്‍ ഉപയോഗിച്ച് 20 ദശലക്ഷം ലിറ്റര്‍ ജലവും  ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഡ്രഡ്ജര്‍ വഴി 20 ദശലക്ഷം ലിറ്റര്‍ ജലവും 100 എച്ച്പിയുടെ രണ്ട്് സെന്‍ട്രിഫ്യൂഗല്‍ പമ്പ് മുഖേന 24 ദശലക്ഷം ലിറ്റര്‍ ജലവും കൂടി അറുപത്തിനാലു ദശലക്ഷം ലിറ്റര്‍  ജലം പ്രതിദിനം ഇപ്പോള്‍ പമ്പുചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗുജറാത്തില്‍ നിന്ന് രണ്ട് സബ്‌മേഴ്‌സിബിള്‍ പമ്പുകള്‍ കൂടി എത്തിച്ചിട്ടുണ്ട്. ഇതു സ്ഥാപിക്കുന്നതോടെ ഏകദേശം 114 ദശലക്ഷം ലിറ്റര്‍ വെള്ളം അരുവിക്കരയിലെത്തിക്കാനാവും. അരുവിക്കരയില്‍ നിന്ന് പമ്പ് ചെയ്തുകൊണ്ടിരുന്നത് 265 ദശലക്ഷം ലിറ്റര്‍ ജലമാണ്. പേപ്പാറ ഡാമില്‍ നിന്നുള്ള ജലം കൂടി വിട്ടുകൊടുത്തുകൊണ്ട് മേയ് 31 വരെ ജലത്തിന്റെ ലഭ്യത ഉറപ്പിക്കാന്‍ കഴിയും. മെയ് ഒന്നു മുതല്‍ നെയ്യാര്‍ ഡാമിന്റെ ഇടതുകരയും വലതുകരയും തുറന്നു വിട്ടിട്ടുണ്ട്. നെയ്യാറ്റിന്‍കര, പാറശ്ശാല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചുകൊണ്ടുതന്നെ നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  ഏതാണ്ട്  അറുപതു  ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഗുജറാത്തില്‍ നിന്നെത്തിച്ച സബ്‌മെഴ്‌സിബിള്‍ പമ്പ് സ്ഥാപിച്ച് പമ്പ് ചെയ്യുന്നതോടെ നൂറുശതമാനം പ്രവൃത്തികള്‍ തീരും. ഏഴിന് മുമ്പ് പമ്പിങ് ആരംഭിക്കാനാണ് നീക്കം. അതേസമയം ഇപ്പോഴുള്ള ജലദൗര്‍ലഭ്യം പരിഹരിക്കുക മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി കൂടിയാണ് സര്‍ക്കാര്‍ കാപ്പുകാട് നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കുക എന്ന ആശയം അടിയന്തരമായി നടപ്പാക്കിയതെന്ന് ജലമന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജല അതോറിറ്റി എം.ഡി എ. ഷൈനാമോള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it