Second edit

നെയ്യപ്പത്തിന് ഒരു വോട്ട്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമഴ തേരാപ്പാര പെയ്‌തൊഴിഞ്ഞിട്ടും വോട്ട് ചോദിച്ചിറങ്ങിയിരിക്കുന്നതാരെന്ന് അമ്പരക്കേണ്ട. നെയ്യപ്പം ചിഹ്നത്തില്‍ മല്‍സരിക്കുന്നതു മലയാളിയാണ്. വോട്ട് ചെയ്യേണ്ടതും മലയാളിയാണ്. വോട്ട് ചോദിക്കുന്നതാവട്ടെ നമ്മുടെ ടൂറിസം വകുപ്പും.
ഗൂഗഌന്റെ ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പിനുവേണ്ടിയാണ് വോട്ടുപിടിത്തം. എതിര്‍നിരയില്‍ നാന്‍ ഖട്ടായി, ന്യൂഡില്‍സ് തുടങ്ങിയ വടക്കന്‍ മധുരപലഹാരങ്ങളുമുണ്ട്. ഗൂഗഌന്റെ ആദ്യത്തെ ഇന്ത്യന്‍ സിഇഒ ആയ സുന്ദര്‍ പിച്ചെ മധുരപ്രിയനല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് പ്രിയം അതാണെന്ന മാര്‍ക്കറ്റ് സെന്‍സുണ്ട്. ആന്‍ഡ്രോയ്ഡിന്റെ മുന്‍ പതിപ്പുകള്‍ക്കുള്ള പേരുകളില്‍നിന്നു തന്നെ ഇതു തിരിച്ചറിയാം- ഡോണറ്റ്, എക്ലെയര്‍, ലോലിപോപ്പ്, ഐസ്‌ക്രീം, കിറ്റ്കാറ്റ് തുടങ്ങിയ വിഭവങ്ങള്‍! അക്ഷരമാലാക്രമമനുസരിച്ച് എന്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരാണ് ഇത്തവണ വേണ്ടത്. അതുകൊണ്ടാണ് മലയാളിയുടെ നെയ്യപ്പം മല്‍സരത്തിനെത്തുന്നത്.
അരിയും ശര്‍ക്കരയും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന നെയ്യപ്പവും ഉണ്ണിയപ്പവും അമ്പലങ്ങളില്‍ പ്രസാദമായി നല്‍കുന്നുണ്ടെങ്കിലും ജാതിമതദേശ ഭേദമെന്യേ ദക്ഷിണേന്ത്യക്കാര്‍ക്കെല്ലാം ഇഷ്ടപ്പെട്ട വിഭവമാണ്. 'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു' എന്ന പ്രശസ്തമായ നാടന്‍പാട്ടിനെ ഫ്യൂഷനും സിനിമയുമാക്കിയവനാണു മലയാളി. പക്ഷേ, ഒരു കാര്യം- എത്രയൊക്കെ വോട്ട് കിട്ടിയാലും അവസാന തീരുമാനങ്ങള്‍ പിച്ചെയുടേതാണ്. ഈ ചെറുപ്പക്കാരന്‍ അമ്മയുടെ മനസ്സറിയാതെ തീരുമാനമെടുക്കുകയുമില്ല. രണ്ടുപേരും തമിഴകക്കാരായതുകൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കാം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്നല്ലെ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളത്.
Next Story

RELATED STORIES

Share it