നെയ്മര്‍ ഡബിളില്‍ ബാഴ്‌സ മിന്നി; ബയേണും പിഎസ്ജിയും മുന്നോട്ട്

മാഡ്രിഡ്/മ്യൂണിക്ക്/പാരിസ്: സ്പാനിഷ് ലീഗിലും ജര്‍മന്‍ ലീഗിലും ഫ്രഞ്ച് ലീഗിലും നിലവിലെ ചാംപ്യന്‍മാര്‍ക്ക് ജയം. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബാഴ്‌സലോണ 4-0ന് റയല്‍ സോസിഡാഡിനെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് 2-0ന് ഹെര്‍ത്ത ബെര്‍ലിനെയും ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മെയ്ന്‍ (പിഎസ്ജി) 4-1ന് ട്രോയസിനെയും പരാജയപ്പെടുത്തുകയായിരുന്നു.
ഇരട്ട ഗോള്‍ നേടിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് സോസിഡാഡിനെതിരേ സ്വന്തം തട്ടകത്തില്‍ ബാഴ്‌സയ്ക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. നെയ്മറിനെ കൂടാതെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ലൂയിസ് സുവാറസും ഓരോ തവണ നിറയൊഴിച്ച് ബാഴ്‌സ ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. 22, 53 മിനിറ്റുകളിലാണ് നെയ്മര്‍ ബാഴ്‌സയ്ക്കു വേണ്ടി വലകുലുക്കിയത്. സുവാറസ് 41ാം മിനിറ്റിലും മെസ്സി 90ാം മിനിറ്റിലുമാണ് ലക്ഷ്യംകണ്ടത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് എസ്പാന്യോളിനെയും സെല്‍റ്റാവിഗോ 2-1ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും മറികടന്നു. സീസണിലെ 13 മല്‍സരങ്ങളില്‍ നിന്ന് 11 ജയം കരസ്ഥമാക്കിയ ബാഴ്‌സലോണ 33 പോയിന്റുമായാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 29 പോയിന്റോടെ അത്‌ലറ്റികോയാണ് ബാഴ്‌സയ്ക്കു പിന്നിലായി രണ്ടാംസ്ഥാനത്തുള്ളത്.
അതേസമയം, സീസണില്‍ അപരാജിത കുതിപ്പ് തുടരുന്ന ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ ഹോംഗ്രൗണ്ടില്‍ ഹെര്‍ത്തയെയാണ് തോല്‍പ്പിച്ചത്. തോമസ് മുള്ളര്‍ (34ാം മിനിറ്റ്), കിന്‍സ്ലി കോമാന്‍ (41) എന്നിവരാണ് ബയേണിനു വേണ്ടി സ്‌കോര്‍ ചെയ്തത്. 14 മല്‍സരങ്ങളില്‍ 40 പോയിന്റ് കരസ്ഥമാക്കിയ ബയേണ്‍ ഇതോടെ ലീഗ് റെക്കോഡിനും അവകാശികളായി. 14 മല്‍സരങ്ങളില്‍ നിന്ന് ഇത്രയും പോയിന്റ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയാണ് ബയേണിനെ തേടിയെത്തിയത്.
ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസ്യ ഡോട്മുണ്ടിനേക്കാള്‍ 11 പോയിന്റിന്റെ ആധികാരിക ലീഡുമായാണ് ബയേണ്‍ വീണ്ടും കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്.
എന്നാല്‍, ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായ ട്രോയസിനെതിരേ എഡിന്‍സന്‍ കവാനി (20ാം മിനിറ്റ്), സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (58), ലവിന്‍ കുര്‍സാവ (67), ജിഹാന്‍ കെവിന്‍ ഓഗസ്റ്റിന്‍ (84) എന്നിവരാണ് പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
വിജയത്തോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരുമായുള്ള പോയിന്റ് അകലം 15 ആക്കി ഉയര്‍ത്താനും തലപ്പത്തുള്ള പിഎസ്ജിക്കായി.
Next Story

RELATED STORIES

Share it