World

നെതന്യാഹുവിനെതിരായ കേസ്: ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ പോലിസ് അറസ്റ്റ് ചെയ്തു. ഇസ്രായേലിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബെസഖിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ട് ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഇസ്രായേല്‍ സെക്യൂരിറ്റി അതോറിറ്റി തയ്യാറായില്ല. പ്രധാനമന്ത്രിക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കി പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുത്തുവെന്ന ആരോപണമാണ് സംഘം അന്വേഷിക്കുന്നത്. വിവരസാങ്കേതിക മന്ത്രാലയം ഡയറക്ടര്‍ ശ്ലോമോ ഫില്‍ബറിനെതിരേയും ബെസഖിനെ അനധികൃതമായി സഹായിച്ചു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
നെതന്യാഹുവിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ഇദ്ദേഹം. ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ഇസ്രായേലിലെ വാല്ല വാര്‍ത്താ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ബെസഖിനെതിരായ കേസില്‍ വാല്ല മേധാവി മുഖ്യ സാക്ഷിയാവുമെന്നു പ്രതീക്ഷിക്കുന്നതായി ഹാരറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. അഴിമതിക്കേസുകളില്‍ നെതന്യാഹുവിനെതിരേ തെളിവുകളുണ്ടെന്നും കേസെടുക്കണമെന്നു കഴിഞ്ഞ ദിവസം പോലിസ് റിപോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it