ernakulam local

നെട്ടൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കായലില്‍ കണ്ടെത്തിയ സംഭവം : ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്



മരട്: നെട്ടൂര്‍ കുമ്പളം പാലത്തിന് സമീപം കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍  പുരുഷ മൃതദേഹം കായലില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത് വന്നു. വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുവെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം തേജസിനോട് പറഞ്ഞു. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ചത് ഇതര സംസ്ഥാനക്കാരനാണോ മലയാളിയാണോ എന്നത് സംബന്ധിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നുള്ളതിനും സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലിസ് പറഞ്ഞു. ആരോണ്‍ ജേക്കബ് എന്ന ബ്രാന്‍ഡ് നെയിം ഇയാളുടെ ഷര്‍ട്ടിന്റെ കോളറില്‍ പതിച്ചിട്ടുണ്ട്. ഇതു മാത്രമാണ് വിവരമായി പോലിസിന്റെ പക്കലുള്ളത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. വേറെയെവിടെന്നെങ്കിലും ഒഴുകി വന്നതാവാമെന്നും സംശയമുണ്ട്. സിഐ സി ബി ടോമിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേ സമയം കാണാതായ ചെറുപ്പക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് വിവിധ മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. നിര്‍മാണം നടന്നുവരുന്ന കുമ്പളം നെട്ടൂര്‍ പാലത്തിനു സമീപത്ത് നിന്ന് ബുധനാഴ്ചയാണ് അഴുകിയ നിലയില്‍ മൃതശരീരം കാണപ്പെട്ടത്. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ സമീപത്തുള്ള കള്ളുഷാപ്പ് നടത്തിപ്പുകാരനാണ് ഉച്ചയോടെ പനങ്ങാട് പോലിസില്‍ വിവരം അറിയിച്ചത്.  കടും നീല നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. വായില്‍ തുണി തിരുകിയതായും മുഖത്തും തലയുടെ ഭാഗത്തും വീതി കൂടിയ പ്ലാസ്റ്റിക് ടേപ്പ് ചുറ്റിയ നിലയിലുമായിരുന്നു മൃതദേഹം. ജീര്‍ണിച്ച് പുഴുവരിച്ച മൃതശരീരം കാണപ്പെട്ട പ്ലാസ്റ്റിക് ചാക്ക് കയറുകൊണ്ട് കോണ്‍ക്രീറ്റ് കട്ട നിറച്ച മറ്റൊരു ചാക്കുമായി ബന്ധിച്ചിരിക്കുന്നതായും കാണപ്പെട്ടു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് മധ്യമേഖലാ ഐജി പി വിജയന്‍, തൃക്കാക്കര അസി.കമ്മീഷണര്‍, തൃപ്പൂണിത്തുറ സിഐ ബിജു, എന്നിവര്‍ ഉള്‍പ്പടെ പോലിസ് ഉേദ്യാഗസ്ഥര്‍ സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it