Kollam Local

നെട്ടയം അനൂപ് വധം : അന്തിമവാദം പൂര്‍ത്തിയായി; ശിക്ഷ ഇന്ന്‌

കൊല്ലം: നെട്ടയം അനൂപ് വധക്കേസിലെ പ്രതികളുടെ ശിക്ഷ സംബന്ധിച്ച അന്തിമവാദം പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് മൂന്നിന് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിക്കും.കേസിലെ പ്രതികളായ നെട്ടയം മാമ്പുറ്റി ഹൗസില്‍ അനൂപ്ഖാന്‍ (29),പള്ളിക്കല്‍ കളരിപ്പച്ച കുരങ്ങന്‍പാറയ്ക്ക് സമീപം പടിഞ്ഞാറയില്‍ വീട്ടില്‍ ബിനു(34),കളരിപ്പച്ച പൂവണത്ത്‌പൊയ്ക വീട്ടില്‍ അജയന്‍(29) എന്നിവര്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ കോടതി ശിക്ഷ സംബന്ധിച്ച അന്തിമ വാദം കേള്‍ക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ട വാദങ്ങള്‍ക്കൊടുവില്‍ കേസിന്റെ ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2010 ജൂലൈ എട്ടിനാണ് മിനിലോറി ഉടമയായ പള്ളിക്കല്‍ നെട്ടയം മുതിയക്കോണം മേലേവിള വീട്ടില്‍ അനൂപിനെ (30)പ്രതികള്‍ കൊലപ്പെടുത്തിയത്. ആസൂത്രിതവും ക്രൂരവുമായ കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് കേസിലെ ഒന്നാം പ്രതി അനൂപ്ഖാന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രണ്ടാം പ്രതി ബിനുവിന് പരമാവധി ജയില്‍ശിക്ഷയും മൂന്നാം അജയന് ജീവപര്യന്തവും നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ക്രൂരമായ കൊലപാതകത്തിന് വധശിക്ഷ നല്‍കിയിട്ടുണ്ടെന്ന് സാധൂകരിക്കാന്‍ ജിഷ കേസ്, ഡല്‍ഹി നിര്‍ഭയ കേസ് എന്നിവയുടെ വിധി പകര്‍പ്പുകളും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ അനൂപിനെ തുടരെ ഉപദ്രവിച്ചു. കൊലയ്ക്ക് മുമ്പും ഇയാള്‍ക്ക് ക്രിമിനില്‍ പശ്ചാത്തലം ഉണ്ട്. അനൂപിനെ കൊലപ്പെടുത്തി അഞ്ച് മാസത്തിനുള്ളില്‍ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി പ്രതി അനൂപ് ഖാന്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. മനുഷ്യരെ കൊലപെടുത്തണമെന്ന് മാത്രം ചിന്തിക്കുന്ന ഇത്തരമൊരാള്‍ പുറത്തിറങ്ങി നടക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്തിമവാദം. എന്നാല്‍ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കരുതെന്നായിരുന്നു പ്രതിഭാഗത്തന്റെ വാദം. അനൂപിന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നും കൊല നടത്തണമെന്ന ഉദ്ദേശം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നും പ്രതിഭാഗം വാദങ്ങള്‍ നിരത്തി. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഇന്ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡര്‍ ആര്‍ സേതുനാഥ് ഹാജരായി.
Next Story

RELATED STORIES

Share it