നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ്: ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു

നെടുമ്പാശ്ശേരി: രണ്ടാംവട്ടവും ഹജ്ജ് ക്യാംപിന് ആതിഥ്യമരുളാന്‍ തയ്യാറെടുക്കുന്ന നെടുമ്പാശ്ശേരിയില്‍ ഒരുക്കങ്ങങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ പ്രശ്‌നംമൂലം താല്‍ക്കാലികമായാണ് ഹജ്ജ് ക്യാംപിന് ആതിഥ്യമരുളാന്‍ നെടുമ്പാശ്ശേരിക്ക് വീണ്ടും അവസരം ലഭിച്ചത്. കഴിഞ്ഞതവണത്തെ നെടുമ്പാശ്ശേരിയിലെ താല്‍ക്കാലിക ഹജ്ജ് ക്യാംപ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സിയാല്‍ എംഡി വി ജെ കുര്യന്റെ പ്രത്യേക നിര്‍ദേശപ്രകാരം സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീറലിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം തന്നെ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീറലിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇക്കുറിയും ഹജ്ജ് ക്യാംപിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ തവണത്തേതില്‍നിന്നും ഹാജിമാരുടെ വര്‍ധനവും ഇവരെ യാത്രയാക്കാനെത്തുന്നവരുടെ ബാഹുല്യവും കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിവരുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിശാലമായ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍തന്നെയാണ് ഇക്കുറിയും ക്യാംപ് ഒരുങ്ങുന്നത്. കഴിഞ്ഞതവണ 60,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട് ഹാങ്കറുകള്‍ക്കു പുറമെ 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക സംവിധാനം ഹാജിമാര്‍ക്ക് ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it