നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 400 കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ നടപടി ആരംഭിച്ചു. മുഖ്യപ്രതി നൗഷാദ് അടക്കമുള്ളവരുടെ 56 ഇടങ്ങളിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് കസ്റ്റംസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഇന്റലിജന്‍സ് ബ്രാഞ്ച് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുന്നത്. ഇതില്‍ ഭൂരിഭാഗവും നൗഷാദ് വാങ്ങിക്കൂട്ടിയ ഭൂമിയാണ്. ഇമിഗ്രേഷന്‍ വിഭാഗത്തിലുണ്ടായിരുന്ന ജാബിന്‍ കെ ബഷീറിന്റെ ഭൂമിയും കൂട്ടത്തിലുണ്ട്. ഭൂമി കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഈ വസ്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.
വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ 400 കോടിയുടെ സ്വര്‍ണം നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിയതായാണ് കേസ്. ഇതിലൂടെ വന്ന പണത്തില്‍ വലിയൊരു പങ്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കാണ് നൗഷാദ് ഒഴുക്കിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ഏജന്‍സി തുടങ്ങിയ നൗഷാദ് മൂന്നാറില്‍ പള്ളിവാസലില്‍ ആഡംബര ഹോട്ടല്‍ പണിതുയര്‍ത്തുന്നുണ്ട്.
57 പ്രതികളുള്ള ഈ കേസില്‍ നൗഷാദ്, ജാബിന്‍ കെ ബഷീര്‍, ഫൈസല്‍, സലിം, ഫൈസല്‍, യാസിര്‍ ഇബ്‌നു മുഹമ്മദ്, സൈഫുദ്ദീന്‍, ബിബിന്‍ സക്കറിയ, ഷിനോയ് മോഹന്‍ദാസ് എന്നീ പ്രതികള്‍ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ്. സ്വര്‍ണക്കടത്തിനു പിന്നിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിലൂടെ പ്രതികള്‍ക്ക് ലഭിച്ച പണം ഹവാല മാര്‍ഗങ്ങളിലൂടെ എവിടേക്കാണ് പോയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it