നെടുമ്പാശ്ശേരി കള്ളനോട്ട് കേസ് എന്‍ഐഎ കോടതി അന്തിമവാദം പൂര്‍ത്തിയാക്കി

കൊച്ചി: ദാവൂദ് ഇബ്രാഹീമിന്റെ അടുത്ത കൂട്ടാളിയെന്നാരോപിക്കുന്ന അഫ്താബ് ബട്കി (59) അഞ്ചാം പ്രതിയായ നെടുമ്പാശ്ശേരി കള്ളനോട്ട് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതി അന്തിമവാദം പൂര്‍ത്തിയാക്കി.
വിവിധ കള്ളനോട്ട് കേസുകളില്‍ അഫ്താബ് ബട്കിയെ പിടികൂടാന്‍ 2007 മുതല്‍ ഇന്റര്‍പോള്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കിയാണു കേസില്‍ വിചാരണ നടത്തിയത്. പാകിസ്താനില്‍ നിര്‍മിക്കുന്ന കള്ളനോട്ടുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള ആരോപണം. 2013 ജനുവരി 26നാണു നെടുമ്പാശ്ശേരി വഴി 9.75 ലക്ഷം രൂപ കടത്തിയ കേസില്‍ ബട്കിയുടെ പങ്ക് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.
500 രൂപയുടെ 9.75 ലക്ഷം രൂപ മൂല്യമുള്ള വിദേശ നിര്‍മിത കള്ളനോട്ടുകള്‍ കടത്തിക്കൊണ്ടു വന്ന മലപ്പുറം സ്വദേശി അബ്ദുല്‍ സലാമിനെ (പൊടി സലാം-36) അറസ്റ്റ് ചെയ്തതോടെയാണു ബട്കിയുടെ പങ്ക് സ്ഥിരീകരിച്ചത്. കേസില്‍ 32 സാക്ഷികളെ വിസ്തരിച്ച കോടതി 54 രേഖകളും ഏഴു തൊണ്ടിമുതലും പരിശോധിച്ചു. കേസില്‍ സാക്ഷിവിസ്താരം തുടങ്ങിയ ജഡ്ജി വിരമിച്ച സാഹചര്യത്തില്‍ പുതിയ ജഡ്ജിയാണു വാദം പൂര്‍ത്തിയാക്കി വിധിപറയുന്നത്. വിചാരണയ്ക്കിടയില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയ കേസാണിത്. യുഎപിഎ നിയമത്തിലെ 15ാം വകുപ്പിന്റെ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പുള്ള കള്ളനോട്ട് നിര്‍മാണവും കടത്തലും വ്യാപനവും യുഎപിഎയുടെ പരിധിയില്‍ വരുന്ന തീവ്രവാദ പ്രവര്‍ത്തനമായി കാണാനാവില്ലെന്ന് ഒരു ജഡ്ജിയുടെ വിയോജിപ്പോടെ ഫുള്‍ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
പാകിസ്താനില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ യുഎഇ വഴി ഇന്ത്യയിലേക്കു കടത്തിയെന്ന കേസില്‍ മൂന്നാം പ്രതി മലപ്പുറം വണ്ടൂര്‍ സ്വദേശി അബ്ദുല്‍ സലാം സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഉബൈദ്, ജസ്റ്റിസ് പി സോമരാജന്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ച് പരിഗണിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ നിന്നു റഫര്‍ ചെയ്ത കേസാണിത്.
പഴയ യുഎപിഎ പ്രകാരം കള്ളനോട്ട് കേസില്‍ നടപടി സാധ്യമാണെന്ന 2013 ആഗസ്ത് 2ലെ 'ശരീഫ് കേസ്' തത്ത്വം അസാധുവാക്കിയാണു കോടതി നടപടി. 2013 ജനുവരി 26നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ മുഖ്യപ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അബ്ദുല്‍ സലാം പിടിയിലായത്. ക്രൈംബ്രാഞ്ചില്‍ നിന്നു കേസ് ഏറ്റെടുത്ത എന്‍ഐഎ, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ ആയിരുന്നു അപ്പീല്‍.



Next Story

RELATED STORIES

Share it