നെടുമ്പാശ്ശേരി: കരാര്‍ തൊഴിലാളികള്‍ പണിമുടക്കില്‍

നെടുമ്പാശ്ശേരി: കാലാവധി കഴിഞ്ഞിട്ടും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നില്ലെന്നാരോപിച്ച് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഉപ കരാറെടുത്തിട്ടുള്ള കുള്ളര്‍ ഹോസ്പിറ്റാലിറ്റി കമ്പനിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സിയാലിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്വകാര്യ സ്ഥലം വാടകയ്‌ക്കെടുത്ത് താല്‍കാലിക ഷെഡ്ഡ് കെട്ടിയാണ് സമരം ആരംഭിച്ചിട്ടുള്ളത്.
അതേസമയം, സമരത്തെ നേരിടാന്‍ എയര്‍ ഇന്ത്യ ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളില്‍നിന്നും 30ഓളം തൊഴിലാളികളെ ജോലിക്കിറക്കിയിട്ടുണ്ട്. അതിനാല്‍ ലഗേജ് നീക്കം പൂര്‍ണമായി നിലച്ചിട്ടില്ല. മൂന്ന് ഷിഫ്റ്റുകളിലായി 230ഓളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്നലെ രാവിലെ മുതലാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരമാരംഭിച്ചത്. സമരത്തില്‍നിന്നും തൊഴിലാളികള്‍ പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് പുറത്തുനിന്നും തൊഴിലാളികളെ ഇറക്കിയത്. കരാര്‍ പുതുക്കുന്നതിനായി ഡിഎല്‍ഒ വിളിച്ച ചര്‍ച്ചകളില്‍നിന്നും വിട്ടുനിന്ന മാനേജ്‌മെന്റ് അധികൃതര്‍ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിമാനത്താവള കമ്പനി ഇടപെടുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് വാഹന സൗകര്യമില്ല. വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സൗകര്യമില്ല. ടോയ്‌ലറ്റിന്റെ മുമ്പിലിരുന്ന് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണ്. പ്രതികരിക്കുന്നവര്‍ക്കെതിരേ പിരിച്ചുവിടല്‍ ഭീഷണിയാണെന്നും സമരക്കാര്‍ അറിയിച്ചു. സമരക്കാര്‍ വിമാനത്താവളത്തിന് സമീപം പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു.
സിവില്‍ ഏവിയേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയുമായ വി പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, സിയാല്‍ എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ ജെ ഐസക്, സിപിഎം ഏരിയാ സെക്രട്ടറി ഇ പി സെബാസ്റ്റ്യന്‍, ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി ജീമോന്‍ കയ്യാല സംസാരിച്ചു. പുറമെനിന്നു തൊഴിലാളികളെ ഇറക്കി സമരത്തെ നേരിട്ടാല്‍ വിമാനത്താവളത്തിലെ അനുബന്ധ മേഖലകളിലേക്കുകൂടി സമരം വ്യാപിപ്പിക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it