ernakulam local

നെടുമലക്കിനി മിന്നല്‍ രക്ഷാചാലക സുരക്ഷ

മൂവാറ്റുപുഴ: നെടുമലക്കിനി മിന്നല്‍ രക്ഷാചാലക സുരക്ഷ. മഞ്ഞള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡിലെ നെടുമലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചു. പദ്ധതിയുടെ സമര്‍പ്പണം ശനിയാഴ്ച എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വഹിക്കും.
ജില്ലയില്‍ ആദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കുന്നത്. നെടുമലയിലെ രണ്ട് കേന്ദ്രങ്ങളിലാണ് 1.60ലക്ഷം രൂപ മുതല്‍ മുടക്കി മിന്നല്‍ രക്ഷാചാലകം നിര്‍മിച്ചിരിക്കുന്നത്. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ നെടുമലയില്‍ 140ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 40ഓളം കുടുംബങ്ങള്‍ മലയ്ക്ക് മുകളിലാണ് താമസിക്കുന്നത്. മഞ്ഞള്ളൂര്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
നെടുമലയില്‍ ചെറിയൊരു മിന്നലുണ്ടായാല്‍ പോലും വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. 2009ല്‍ ഇടിമിന്നലില്‍ നാടിനെ നടുക്കിയ ദുരന്തത്തിനും നെടുമല നിവാസികള്‍ സാക്ഷിയാണ്. അന്ന് ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെ ജീവനാണ് മിന്നലേറ്റ് പൊലിഞ്ഞത്. ഇതിനൊരു പരിഹാരം വേണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് വാര്‍ഡ് മെംബര്‍ ഇ കെ സുരേഷ് വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് മിന്നല്‍ രക്ഷാചാലകം എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇതേ തുടര്‍ന്നാണ് 2017-18 സാമ്പത്തീക വര്‍ഷത്തിലെ പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തില്‍ നിന്നും 1.60ലക്ഷം രൂപ മിന്നല്‍ രക്ഷാചാലകത്തിന് നീക്കി വയ്ക്കുകയും ഇതിന് അനുമതി ലഭിക്കുകയും ചെയ്തത്. മിന്നല്‍ രക്ഷാചാലകത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it