malappuram local

നെടുങ്ങോട്ടുമാട് തോട്ടിലെ നീരൊഴുക്ക് നിലച്ചു: കര്‍ഷകര്‍ ആശങ്കയില്‍

മുസ്തഫ പള്ളിക്കല്‍

പള്ളിക്കല്‍: കാലവര്‍ഷം എത്തിയതോടെ ശക്തമായ മഴയില്‍ തോടുകളും പാടങ്ങളും കരകവിഞ്ഞൊഴുകുന്നുണ്ടങ്കിലും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ നെടുങ്ങോട്ടുമാട് തോടിലെ ഒഴുക്കിനു വേഗത കുറഞ്ഞത് സമീപത്തു കൃഷിയിറക്കിയ കര്‍ഷകരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കുറുന്തല, ചെട്ടിയാര്‍മാട് വാര്‍ഡുകളിലെ അതിയാടത്ത് ഭാഗത്തുനിന്നും ഉല്‍ഭവിക്കുന്ന നെടുങ്ങോട്ടുമാട് തോട് ചെനക്കല്‍, നെടുങ്ങോട്ടുമാട് വാര്‍ഡുകളിലൂടെ ഒഴുകി പുത്തൂര്‍ പള്ളിക്കല്‍ വലിയതോട്ടില്‍ ലയിക്കുകയാണ് ചെയ്യുന്നത്.
അമ്പലവളവിനു താഴ് ഭാഗത്തുള്ള തെക്കേതോന്നിയില്‍ ഭാഗം വരെ ഏതാണ്ട് എട്ടടിയോളം തോട് വീതിയുണ്ടങ്കിലും ഇവിടെനിന്ന്് ചാലില്‍ പ്രദേശത്തുവരെ മൂന്നും നാലും അടി മാത്രമാണ് തോടിനു വീതിയുള്ളത്. ഇതാണ് ഒഴുക്ക്  നിലയ്ക്കാനും വെള്ളം കൃഷിയിടത്തില്‍ കെട്ടിനില്‍ക്കാനും കാരണം. വീതി കുറഞ്ഞ തോട്ടില്‍ പുല്ലുകള്‍ വളര്‍ന്നതും നീരൊഴുക്ക് തടസപ്പെടാന്‍ കാരണമായിട്ടുണ്ട്. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ 19,20 വാര്‍ഡുകളിലെ പെരുമയില്‍, തോന്നിയില്‍ ഭാഗത്ത് വാഴ, നെല്ല്, മരച്ചീനി, മുളക് എന്നിവ കൃഷി ചെയ്യുന്നവരാണ് തോടിലെ വെള്ളം കൃഷിയിടത്തിലേയ്ക്ക് കയറുന്നതും കൃഷിയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും കാരണം ആശങ്കയിലായത്. കൃഷിയിടത്തില്‍ വെള്ളം ഇനിയും അധികനാള്‍  കെട്ടിനിന്നാല്‍ ഇവിടുത്തെ മുഴുവന്‍ കൃഷിയും ചീഞ്ഞു പോവും.
സ്വകാര്യവ്യക്തികള്‍ കൈയേറിയ തോട് പിടിച്ചെടുത്ത് വീതി കൂട്ടി നടപ്പാത നിര്‍മിക്കലാണ് പ്രശ്‌നത്തിനു ശാശ്വത പരിഹാരം. അതിന് സമയം എടുക്കുന്നതിനാല്‍  പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തും കൃഷി വകുപ്പും തൊഴിലുറപ്പ് തൊഴിലാളികളെയോ മറ്റോ ഉപയോഗപ്പെടുത്തി  തോട്ടിലെ പുല്ലും ചണ്ടിയും ഒഴിവാക്കി തോടിനു ഒഴുകാനുള്ള സൗകര്യമുണ്ടാക്കിത്തരണമെന്നാണ് കര്‍ഷകനായ പാണമ്പ്ര ചാലില്‍ ഹസൈനാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it