Idukki local

നെടുങ്കണ്ടത്തും ചെറുതോണിയിലുമായി 66 ലക്ഷം രൂപ പിടികൂടി

തൊടുപുഴ: നെടുങ്കണ്ടത്തും ചെറുതോണിയിലുമായി നടന്ന ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വഡിന്റെ പരിശോധനയില്‍ 66, 24,170 രൂപ പിടിച്ചെടുത്തു. വേണ്ടത്ര രേഖകളില്ലാതെ കടത്തികൊണ്ടുവരുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. നെടുങ്കണ്ടത്ത് 54,44,870 രൂപയും ചെറുതോണിയില്‍ 11,79,300 രൂപയുമാണ് പിടിച്ചെടുത്തത്. ഇതോടെ ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടിയ തുക ഒരുകോടി രണ്ട് ലക്ഷം രൂപയ്ക്കടുത്തെത്തി. വരും ദിവസങ്ങളിലും ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്ന് അഡീഷനല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 3.30നാണ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പണം സ്‌ക്വാഡ് നെടുങ്കണ്ടം കൈലാസപ്പാറയില്‍ നിന്നു പിടികൂടിയത്. ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്.സംഭവത്തില്‍ സ്‌ക്വാഡ് ഒരാളെ കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് വിട്ടയച്ചു.അണക്കര ചെല്ലാര്‍ കോവില്‍ സ്വദേശിയാണ് മാരുതി ഓള്‍ട്ടോ കാറില്‍ രേഖകളില്ലാതെ പണം കടത്തിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഏലം വിറ്റ വകയില്‍ കിട്ടിയ പണമാണിതെന്നാണ് ഉടമ നല്‍കുന്ന വിശദീകരണം.
ഇന്നലെ നാലു മണിയോടു കൂടി ചെറുതോണി വെള്ളാപ്പാറ ഭാഗത്ത് ഇലക്ഷന്‍ ഫ്‌ളൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 11,79,300 രൂപ പിടി കൂടി. എറണാകുളത്തു നിന്ന് വന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ സീറ്റിനു സമീപം ചാക്കില്‍ സൂക്ഷിച്ചിരുന്ന പണമാണ് സ്‌ക്വാഡ് പിടി കൂടിയത്. പിക്കപ്പ് ഡ്രൈവര്‍ കമ്പം മെട്ട് അച്ചക്കട തുണ്ടു പാലയില്‍ സെബാസ്റ്റ്യന്‍ മകന്‍ നിബിന്‍ (22) ആണ് വണ്ടി ഓടിച്ചിരുന്നത്. മതിയായ രേഖകളില്ലാത്ത പണമാണ് ഇതെന്ന് പോലിസ് പറയുമ്പോള്‍ നെടുംങ്കണ്ടത്തു നിന്നും കുരുമുളകുമായി എറണാകുളത്ത് കൊണ്ടു പോയി കൊടുത്ത് തിരികെ വരികയായിരുന്നു എന്ന് പിടിക്കപ്പെട്ട നിബിന്‍ പോലിസിനോടു പറഞ്ഞു. വിശദീകരണം. തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലെമ്പാടും ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി വരികയാണ്.
ജില്ലയിലേക്ക് വന്‍തോതില്‍ പണം ഒഴുകുവാന്‍ സാധ്യത ഉണ്ട് എന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ പി വി സന്തോഷ് ഉദ്യോഗസ്ഥരായ രാജഗോപാല്‍,അനില്‍ കുമാര്‍, മനോജ്, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി തൊടുപുഴ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ ഇന്ന് അന്വേഷണത്തിനായി എത്തുമെന്നും അഡീഷനല്‍ തഹസില്‍ദാര്‍ പറഞ്ഞു.
ഇന്‍കം ടാക്‌സ് അന്വേഷണവും പിന്നിട നല്‍കുന്ന റിപോര്‍ട്ട് അനുസരിച്ച് മാത്രമെ പണം വിട്ടുനല്‍കുകയുള്ളു.
പിടിച്ചെടുത്ത പണം നെടുങ്കണ്ടം ട്രഷറിയിലേക്ക് മാറ്റി. ചെറുതോണി,പുളിയന്‍മല,നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലായാണ് വന്‍ തോതില്‍ പണം പിടിച്ചെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it