Idukki local

രാമക്കല്‍മേട്: ടൂറിസം വകുപ്പിന് തുരങ്കംവച്ച് തമിഴ്‌നാട് വനംവകുപ്പ്

വിനീത്   വിക്രമന്‍

നെടുങ്കണ്ടം: രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്ന നിലപാടുകളുമായി തമിഴ്‌നാട് വനം വകുപ്പ്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലെ പ്രധാന വ്യൂ പോയിന്റില്‍ നിന്നും വിനോദ സഞ്ചാരികളെ ഇറക്കിവിട്ടത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.
കഴിഞ്ഞ ദിവസം രാമക്കല്‍മേട്ടിന്റെ മലമുകളില്‍ അനധികൃതമായി കച്ചവടം നടത്തുന്നവരെ ഇറക്കാനെന്ന വ്യാജേന മല മുകളില്‍ എത്തിയ സംഘം മേഖലയില്‍ എത്തിയ സഞ്ചാരികളെയും ഇറക്കിവിടുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലുമെത്തിയ സഞ്ചാരികളാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ഈ നടപടിയില്‍ മനം നൊന്ത് മലയിറങ്ങിയത്.
പിന്നീട് രാമക്കല്‍മേട് ജംഗ്ഷനിലെ കച്ചവടം നടത്തുന്ന വ്യാപാരികളും നാട്ടുകാരും തമിഴ്‌നാട്ടിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വിനോദ സഞ്ചാരികളെ തടയരുതെന്ന് ആവശ്യപെടുകയുമായിരുന്നു. ഇതോടെയാണ് വീണ്ടും സഞ്ചാരികളെ വീണ്ടും കയറ്റിവിട്ടത്.  കേരളത്തിലെ വീക്കന്‍ഡ് ഡസ്റ്റിനേഷനുകളില്‍ ഏറ്റവും പ്രധാന മേഖലയാണ് രാമക്കല്‍മേട്. അവധി ദിനങ്ങളില്‍ ആയിരകണക്കിന് സഞഅചാരികളാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മേഖലയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.
ഏത് നിമിഷവും ശക്തമായി വീശുന്ന കാറ്റും മലമുകളില്‍ നിന്നുള്ള തമിഴ്‌നാടന്‍ കാഴ്ചകളും ശ്രീരാമന്റെ കാല്‍പാദം പതിഞ്ഞു എന്ന് വിശ്വസിക്കുന്ന രാമക്കല്ലും കുറവന്‍ കുറത്തി ശില്പവുമാണ് മേഖലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ചെങ്കുത്തായി ഉയര്‍ന്നു നില്‍ക്കുന്ന രാമക്കല്ല് നിലനില്‍ക്കുന്നത് തമിഴ്‌നാട് അധീന മേഖലയിലാണ്. എന്നാല്‍ ഇവിടേയ്ക്ക് കേരളത്തില്‍ കൂടി മാത്രമേ പ്രവേശനം സാധിയ്ക്കു. മേഖലയിലെ ഏറ്റവും പ്രധാന ആകര്‍ഷണവും രാമക്കല്ലും ഇവിടുത്തെ കാഴ്ചകളുമാണ്.     രാമക്കല്‍മേട്ടിലെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ക്ക് തുരങ്കം വെയ്ക്കാന്‍ തമിഴ്‌നാട് നടത്തുന്ന ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും നാട്ടുകാര്‍ക്ക് സംശയം ഉണ്ട്.
മുന്‍പ് അടിവാരത്തു നിന്നും മലമുകളിലേയ്ക്കുള്ള പഴയ പാത പുനര്‍ നിര്‍മ്മിച്ച് താഴ് വാരത്തിലെ മുന്തിരിപ്പാടങ്ങള്‍, പച്ചക്കറി കൃഷി എന്നിവയെല്ലാം സംയോജിപ്പിച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ തമിഴ്‌നാട് നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ചിട്ടില്ല. ഇരു സംസ്ഥാനങ്ങളും കൂടി ആലോചിച്ച് ഭാവിയില്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തില്‍ ക്രമീകരണം നടത്തിയില്ലെങ്കില്‍ മേഖലയുടെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ക്ക് തന്നെ ഇത് തിരിച്ചടിയാവും.
Next Story

RELATED STORIES

Share it